സ്വർണത്തെ പിടിച്ച് കെട്ടാനുള്ള കേന്ദ്ര നീക്കം വെറുതെയായില്ല: മെയ് മാസത്തെ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഏപ്രിൽ മാസത്തിൽ 5.63 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി

4 min read|15 Jun 2026, 08:54 pm

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഇറക്കുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായത്. ഏപ്രിൽ മാസത്തിൽ 5.63 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി മൂല്യമെങ്കില്‍ മെയ് മാസത്തിൽ ഇത് 2.21 ബില്യൺ ഡോളറായി കുറഞ്ഞ് 3.42 ബില്യൺ ഡോളറിലെത്തി.

ഒരു മാസത്തിനിടയിൽ ഇറക്കുമതിയിലുണ്ടായ ഈ കുത്തനെയുള്ള കുറവിന് പ്രധാന കാരണം മെയ് പകുതിയോടെ കേന്ദ്ര ധനമന്ത്രാലയം നടപ്പിലാക്കിയ അപ്രതീക്ഷിത നികുതി വർദ്ധനവാണ്. സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 15 ശതമാനമായാണ് രാജ്യം ഉയർത്തിയത്.

സ്വർണത്തിന് പുറമെ വെള്ളി ഇറക്കുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ 411.06 മില്യൺ ഡോളറായിരുന്ന വെള്ളി ഇറക്കുമതി മെയ് മാസത്തിൽ വെറും 75.57 മില്യൺ ഡോളറായി ചുരുങ്ങി. വെള്ളിയുടെ ഇറക്കുമതി തീരുവയും കേന്ദ്രം 15 ശതമാനമായി ഉയർത്തിയിരുന്നു. വൻതോതിൽ സ്വർണ്ണം രാജ്യത്തേക്ക് ഒഴുകുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പൗരന്മാരോട് അനാവശ്യമായ സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

ഇറക്കുമതി തീരുവ വർദ്ധനവ് കാരണം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന് കനത്ത വില നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടയിലാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നുണ്ടായ പെട്ടെന്നുള്ള സാമ്പത്തിക മാറ്റങ്ങൾ സ്വർണ്ണവിലയെ ആഗോളതലത്തിൽ വീണ്ടും മുകളിലേക്ക് ഉയർത്തിയത്. അമേരിക്കയും ഇറാനും തമ്മിൽ പുതിയ സമാധാനക്കരാർ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 5 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 85 ഡോളറിന് താഴേക്ക് പോയിരുന്നു. എണ്ണവില കുറയുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീതി കുറയ്ക്കുമെന്നതിനാൽ, അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര ബാങ്കുകൾ വരും മാസങ്ങളിൽ പലിശനിരക്കുകൾ കുറച്ചേക്കുമെന്ന വലിയ പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം.

പലിശനിരക്കുകൾ കുറയുമ്പോൾ വലിയ നിക്ഷേപകർ ബോണ്ടുകളിൽ നിന്നും ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിച്ച് പലിശയിതര ആസ്തിയായ സ്വർണ്ണത്തിലേക്ക് തങ്ങളുടെ നിക്ഷേപങ്ങൾ വൻതോതിൽ മാറ്റാൻ തുടങ്ങും. ഇതേത്തുടർന്ന് അന്താരാഷ്ട്ര കമ്മോഡിറ്റി വിപണിയിൽ സ്വർണ്ണത്തിന് പെട്ടെന്ന് ഡിമാൻഡ് വർദ്ധിക്കുകയും രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 2 ശതമാനത്തിലധികം വർദ്ധിച്ച് 4,327 ഡോളർ എന്ന ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു.

കൂടാതെ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ പുതിയ വിലയിരുത്തലുകൾ പ്രകാരം കേന്ദ്ര ബാങ്കുകൾ ഡോളറിന് പകരമായി സ്വർണ്ണത്തിന്റെ കരുതൽ ശേഖരം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് തുടരുന്നതിനാൽ വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിലെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് മാത്രം പവന് 1,800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ (22 കാരറ്റ്, 8 ഗ്രാം) വില 1,11,120 രൂപയായി ഉയർന്നു. ഇന്ന് ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 225 രൂപ വർദ്ധിച്ച് 13,890 രൂപയിലും, ഉയർന്ന ശുദ്ധിയുള്ള 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 245 രൂപ വർദ്ധിച്ച് 15,153 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സാധാരണ ഉപഭോക്താക്കൾ വിപണിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ അടിസ്ഥാന വിലയ്ക്ക് പുറമേ 10 ശതമാനം ഇറക്കുമതി തീരുവയും, ജ്വല്ലറികളുടെ ശരാശരി പണിക്കൂലിയായ 12 ശതമാനവും, അതിനോടൊപ്പം 3 ശതമാനം ജിഎസ്ടിയും (GST) നൽകേണ്ടി വരും.

Content Highlights: India's gold imports fell sharply in May, indicating that the Centre's efforts to reduce excessive gold imports may be yielding results. The decline is expected to help ease pressure on the country's trade deficit and foreign exchange outflows, while also reflecting changing demand and policy-driven adjustments in the bullion market.

To advertise here,contact us