ലക്ഷ്യം ദുബായ്, പക്ഷെ തുടക്കം കൊച്ചിയോ കോഴിക്കോടോ അല്ല; ഇന്ത്യയില്‍ നിന്നുള്ള തിരക്കേറിയ വിമാന റൂട്ട് ഇത്

സമ്മർ സീസണില്‍ ഇന്ത്യൻ യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളായി മാറി ജമ്മു കശ്മീരിലെ ശ്രീനഗറും ലണ്ടനും

3 min read|14 Jun 2026, 07:36 pm

ന്യൂഡൽഹി: സമ്മർ സീസണില്‍ ഇന്ത്യൻ യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളായി മാറി ജമ്മു കശ്മീരിലെ ശ്രീനഗറും ലണ്ടനും. വേനൽക്കാല അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ ഡൽഹി - ശ്രീനഗർ റൂട്ടിൽ സീറ്റുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ചില ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ 40 ശതമാനത്തോളം ഉയർന്നിട്ടും ഈ റൂട്ടിലെ തിരക്കിന് യാതൊരു കുറവുമില്ല. ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഒൻപതാമത്തെ ആഭ്യന്തര റൂട്ടായി ഡൽഹി - ശ്രീനഗർ സെക്ടർ മാറുകയും ചെയ്തു.

ആഗോള വ്യോമയാന ഡാറ്റാ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ 'ഒഎജി' (OAG) പുറത്തുവിട്ട കണക്കുകൾ പ്രകാരം എയർ ഇന്ത്യ, ഇൻഡിഗോ, ആകശ എയർ എന്നീ കമ്പനികൾ മാത്രമായി ഈ മാസം ഡൽഹി - ശ്രീനഗർ റൂട്ടിൽ രണ്ട് ലക്ഷത്തിലധികം അധിക സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇതിന് കാരണം.

ആഭ്യന്തര റൂട്ടുകളിലെ സ്ഥിതി

രാജ്യത്തെ ഏറ്റവും തിരക്കേറിയ ആഭ്യന്തര റൂട്ടായി 6,58,000 സീറ്റുകളോടെ മുംബൈ - ഡൽഹി സെക്ടർ തുടരുകയാണ് (കഴിഞ്ഞ വർഷത്തേക്കാൾ 9% വർധനവ്). 4,31,100 സീറ്റുകളുമായി ബംഗളൂരു - ഡൽഹി റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ബംഗളൂരു - ഡൽഹി, ബംഗളൂരു - മുംബൈ തുടങ്ങിയ മെട്രോ റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും 15 മുതൽ 20 ശതമാനം വരെ ഉയർന്ന നിലവാരത്തിലാണ്. എന്നാൽ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ വെട്ടിക്കുറച്ചിട്ടും ബംഗളൂരു - ഹൈദരാബാദ് റൂട്ടിൽ നിരക്കുകൾ കുറഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില (ATF) ഇരട്ടിയിലധികമായി വർധിച്ച സാഹചര്യത്തിൽ വിമാനക്കമ്പനികൾ പല ആഭ്യന്തര-അന്തർദേശീയ സർവീസുകളും വെട്ടിച്ചുറച്ചിട്ടുണ്ട്. എയർ ഇന്ത്യ ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനവും കുറവ് വരുത്തിയപ്പോൾ ഇൻഡിഗോ 10 മുതൽ 15 ശതമാനം വരെ സർവീസുകൾ വെട്ടിച്ചുരുക്കുകയും ആറ് അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസ് താല്കാലികമായി നിർത്തുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടായി മുംബൈ - ദുബായ് സെക്ടർ (2.1 ലക്ഷം സീറ്റുകൾ) തുടരുകയാണ്. ഇവിടുത്തെ സീറ്റ് ശേഷിയിൽ 10 ശതമാനം കുറവുണ്ടായെങ്കിലും ടിക്കറ്റ് നിരക്കുകൾ 10 മുതൽ 15 ശതമാനം വരെ ഉയർന്ന നിലയിലാണ്. എന്നാൽ അബുദാബി - മുംബൈ റൂട്ടിൽ സീറ്റുകളുടെ എണ്ണം 18 ശതമാനം കുറഞ്ഞ് ഒരു ലക്ഷമായി മാറിയിട്ടുണ്ടെങ്കിലും, യാത്രക്കാരുടെ ആവശ്യം മിതമായ രീതിയിലായതിനാൽ ടിക്കറ്റ് നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യൻ റൂട്ടുകളിൽ നിന്ന് പിൻവലിച്ച വിമാനങ്ങൾ വിമാനക്കമ്പനികൾ ലണ്ടൻ റൂട്ടിലേക്ക് തിരിച്ചുവിട്ടതാണ് അന്താരാഷ്ട്ര തലത്തിലെ പ്രധാന മാറ്റം. ഡൽഹിയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ 15 ശതമാനവും മുംബൈ - ലണ്ടൻ റൂട്ടിൽ 12 ശതമാനവും വർധനവുണ്ടായി. നിലവിൽ ഡൽഹി - ലണ്ടൻ റൂട്ടിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ 35 ശതമാനം വർധനവുണ്ട്. എന്നാൽ ഗൾഫ് വിമാനക്കമ്പനികളിൽ ഇത് 15 ശതമാനം മാത്രമാണ്.

Content Highlights: Dubai continues to be one of the busiest international destinations for Indian travellers. However, the highest passenger traffic to Dubai does not originate from Kochi or Kozhikode. Another Indian city now holds the distinction of operating the country's busiest flight route to Dubai, reflecting changing travel demand and expanding air connectivity.

To advertise here,contact us