ഇന്ത്യയുടെ വിദേശനാണയ ശേഖരത്തില്‍ വലിയ ഇടിവ്; 711 മില്യണ്‍ ഡോളറിന്റെ കുറവ്

ഡോളര്‍ മൂല്യത്തില്‍ കണക്കാക്കുന്ന വിദേശ കറന്‍സി ആസ്തികളില്‍, വിദേശനാണയ ശേഖരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ അമേരിക്കന്‍ ഡോളറല്ലാത്ത കറന്‍സികളുടെ മൂല്യവര്‍ധനയുടെയും മൂല്യത്തകര്‍ച്ചയുടെയും സ്വാധീനവും ഉള്‍പ്പെടുന്നു

വിദേശ നാണയ ആസ്തികളില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന്, ജൂണ്‍ 5ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 711 മില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പുറത്തു വന്നു.

അതിന് മുന്‍പുള്ള റിപ്പോര്‍ട്ടിങ് ആഴ്ചയില്‍ രാജ്യത്തിന്റെ മൊത്തം വിദേശനാണയ ശേഖരം 938 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.321 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണ്‍ 5ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ 2.704 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 543.444 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഡോളര്‍ മൂല്യത്തില്‍ കണക്കാക്കുന്ന വിദേശ കറന്‍സി ആസ്തികളില്‍, വിദേശനാണയ ശേഖരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ അമേരിക്കന്‍ ഡോളറല്ലാത്ത കറന്‍സികളുടെ മൂല്യവര്‍ധനയുടെയും മൂല്യത്തകര്‍ച്ചയുടെയും സ്വാധീനവും ഉള്‍പ്പെടുന്നു.

അതേസമയം, രാജ്യത്തിന്റെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് 18 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.765 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. അന്താരാഷ്ട്ര നാണയ നിധി കൊണ്ടുവന്ന റിസര്‍വ് കറന്‍സിയാണിത്. കൂടാതെ, ഐഎംഎഫിനോടുള്ള ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ ജൂണ്‍ 5ന് അവസാനിച്ച ആഴ്ചയില്‍ 4.826 ബില്യണ്‍ ഡോളറായിരുന്നുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

Content Highlights: India's foreign exchange reserves declined by $711 million to $681.61 billion in the week ended June 5, 2026, primarily due to a sharp fall in foreign currency assets, RBI data showed

To advertise here,contact us