ഇന്ത്യയുടെ ജിഡിപി വളര്‍ച്ച: ശുഭസൂചനയെന്ന് പിയൂഷ് ഗോയല്‍; ആഗോള പ്രതിസന്ധികള്‍ക്കിടയിലും വലിയ വളര്‍ച്ച

മുന്‍വര്‍ഷത്തെ 299.89 ലക്ഷം കോടി രൂപയില്‍ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്

ഇന്ത്യയുടെ 7.7 ശതമാനം ജിഡിപി വളര്‍ച്ച കഴിഞ്ഞ പത്ത് വര്‍ഷമായി നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇപ്പോഴത്തെ ഈ വളര്‍ച്ച യാദൃശ്ചികമായി ഉണ്ടായതല്ലെന്ന് പിയൂഷ് ഗോയല്‍ ആവര്‍ത്തിച്ചു. മുന്‍വര്‍ഷത്തെ 299.89 ലക്ഷം കോടി രൂപയില്‍ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്. ഇതാണ് 7.7% വളര്‍ച്ച. ഒരു രാജ്യത്തെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉല്‍പാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുകയാണിത്.

അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലേക്കുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ സാമ്പത്തിക അജന്‍ഡയെന്നും അദ്ദേഹം പറഞ്ഞു. 2047ഓടെയോ അതിനുമുമ്പോ ഇന്ത്യയെ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളിലുണ്ടാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, ദീര്‍ഘകാല വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും തൊഴില്‍ സൃഷ്ടിക്കും ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഗോയലിന്റെ ഈ പരാമര്‍ശം. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം കഴിഞ്ഞപാദത്തിലും ഇന്ത്യ നിലനിര്‍ത്തി. പ്രമുഖ സാമ്പത്തിക നിരീക്ഷകര്‍ പ്രവചിച്ചിരുന്ന കണക്കുകളെയെല്ലാം മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം, കൃഷിയും ഖനനവും ഉള്‍പ്പെടെ ഒട്ടേറെ നിര്‍ണായക മേഖലകള്‍ തളര്‍ച്ചയുടെ പിടിയിലാണെന്നും ജിഡിപി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുന്‍വര്‍ഷത്തെ 4.2 ശതമാനത്തില്‍ നിന്ന് 3 ശതമാനത്തിലേക്ക് കുറഞ്ഞു. ഖനനമേഖലയുടെ വളര്‍ച്ച 11.7ല്‍ നിന്ന് 5.2 ശതമാനമായി. അതേസമയം മാനുഫാക്ചറിങ് മേഖല 9.3ല്‍ നിന്ന് 10.7ലേക്ക് നില മെച്ചപ്പെടുത്തി.

Content Highlights: Commerce Minister Piyush Goyal said India’s 7.7% GDP growth is the result of a decade of structural economic reforms, reflecting sustained policy efforts aimed at making India one of the world’s top three economies by 2047 or earlier

To advertise here,contact us