ആഗോള പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കൂടിയെന്ന് കേന്ദ്രസർക്കാർ. പ്രതീക്ഷിക്കപ്പെട്ട കണക്കായ 7.7 ശതമാനത്തിൽ നിന്ന് രാജ്യത്തിൻറെ ജിഡിപി വളർച്ച 7.8 ശതമാനമായി എന്ന് കേന്ദ്രസർക്കാർ പറഞ്ഞു. സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിലെ വളർച്ചയാണ് വേഗത കൈവരിച്ചത് എന്നാണ് കണക്കുകൾ.
ജനങ്ങൾ കൂടുതലായി പണം ചിലവഴിക്കുന്നു എന്നതിനാലാണ് സമ്പദ്വ്യവസ്ഥയും വളർച്ച കൈവരിച്ചത്. 7.1 ശതമാനത്തിൽ നിന്നാണ് രാജ്യം 7.7 ശതമാനം വളർച്ച കൈവരിച്ചതും, അതിനെ മറികടന്നതും. നിർമാണം, ഉത്പാദനം, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ അനൗപചാരിക സമ്പദ്വ്യവസ്ഥയുടെയും മറ്റ് മേഖലയുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി രൂപപ്പെടുത്തിയ പുതിയ രീതിശാസ്ത്രം ഉപയോഗിച്ചാണ് ജിഡിപി കണക്കുകൾ കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ ഇപ്പോൾ ലഭിച്ച ജിഡിപി വളർച്ച വരും വർഷങ്ങളിൽ ഉണ്ടാകില്ലെന്ന നിഗമനങ്ങൾ ആശങ്കയ്ക്ക് വകവെച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡ് ഓയിൽ വിലവർധനവ് എന്നിവയെല്ലാം വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. കൂടാതെ മൺസൂൺ കുറയുമെന്നും, വേനൽ കടുക്കുമെന്നുമുള്ള പ്രവചനവും സമ്പദ്വ്യവസ്ഥയെ ബാധിക്കാനിടയുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന ആർബിഐ പണനയ സമിതി യോഗത്തിൽ രാജ്യത്തിന്റെ വളർച്ച കുറയുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. നേരത്തെ കരുതപ്പെട്ട 6.9 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി വളർച്ച കുറയും എന്നാണ് വിലയിരുത്തൽ. വിലപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായും ആർബിഐ ഉയർത്തിയിരുന്നു.
റിപ്പോ നിരക്ക് കുറയ്ക്കാതെയാണ് ആർബിഐ പണനയ സമിതി യോഗം അവസാനിച്ചത്. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.25 ശതമാനമായി നിലനിർത്തുവാനാണ് ആർബിഐ തീരുമാനിച്ചത്. പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡ് ഓയിൽ വിലവർദ്ധനവ് തുടങ്ങിയ ഒരുപിടി പ്രശ്നങ്ങൾ നിലനിൽക്കെയാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്.രാജ്യത്തെ വിലക്കയറ്റം ഇപ്പോഴും ആർബിഐ നിശ്ചയിച്ച അളവിന്റെ താഴെയാണ്. എന്നാൽ യുദ്ധവും മറ്റും വരും മാസങ്ങളിൽ വിലക്കയറ്റം വർധിക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തൽ.
Content Highlights: India reported stronger-than-expected GDP growth of 7.8% in the last fiscal year, slightly above the projected 7.7%. According to government data, the economy gained momentum in the final quarter, reflecting improved domestic activity despite global economic uncertainties.