ഇന്നലെ കൂടിയ സ്വർണവില ഇന്ന് ഇടിഞ്ഞു; പക്ഷെ വെള്ളി വില ഒരുപടി മുന്നോട്ട്

കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന

3 min read|30 May 2026, 10:41 am

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലും, പവന് 440 രൂപ കുറഞ്ഞ് 115160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 115600 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്നു വില്‍പ്പന. 18 കാരറ്റ് സ്വർണവിലയിലും സ്വാഭാവികമായ കുറവുണ്ടായിട്ടുണ്ട് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11830 രൂപയായും പവന് 94640 രൂപയായും താഴ്ന്നു.

അതേസമയം 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9210 രൂപയും (പവന് 73680), 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5940 രൂപയുമാണ് (പവന് 47,520) ഇന്നത്തെ നിരക്ക്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന സർവകാല റെക്കോർഡിൽ നിന്നും സ്വർണവില നിലവിൽ ഏറെ താഴെയാണ്.ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണമായത്.

അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് നിരക്ക് ഔൺസിന് 4,500 ഡോളർ നിലവാരത്തിലേക്ക് ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നതും ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ശക്തമാക്കിയതും സ്വർണവിലയെ സ്വാധീനിച്ചിരുന്നു. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉടനടി കുറയ്ക്കില്ലെന്ന സൂചന നൽകിയതും യുഎസ് ഡോളർ ശക്തിപ്രാപിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്മേലുള്ള സമ്മർദ്ദം വർധിപ്പിച്ചു. കൂടാതെ, ഇറക്കുമതി നിയന്ത്രണങ്ങളും ഉയർന്ന വിലയും കാരണം ഇന്ത്യയിലെ ആഭ്യന്തര ആവശ്യകതയിൽ താൽക്കാലികമായ കുറവ് അനുഭവപ്പെടുന്നതും വില താഴേക്ക് വരാൻ കാരണമായിട്ടുണ്ട്.

സ്വർണവില കുറഞ്ഞപ്പോൾ സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ മുന്നേറ്റമാണ് ദൃശ്യമായത്. വെള്ളിയാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 280 രൂപയായിരുന്ന നിരക്ക് ഇന്ന് 5 രൂപ വർധിച്ച് 285 രൂപയിലെത്തി. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 2,850 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ പുരോഗതിയും ആഗോള പലിശനിരക്കുകളിലെ തീരുമാനങ്ങളും അനുസരിച്ച് മാത്രമേ സ്വർണവിലയിലെ അടുത്ത വലിയ വ്യതിയാനങ്ങൾ പ്രവചിക്കാനാകൂ എന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Gold prices in Kerala declined today after registering gains yesterday. In contrast, silver prices continued their upward movement, outperforming gold in the domestic market. The differing trends reflect changing investor sentiment and fluctuations in international precious metal markets.

To advertise here,contact us