ആഗോള വിപണിയിലെ കടുത്ത വിലക്കയറ്റത്തിന് പിന്നാലെ ഇന്ത്യയിലും ചൈനയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും സ്വർണത്തിന്റെ ഡിമാന്‍ഡില്‍ വന്‍ ഇടിവ്. വിലയിലെ കടുത്ത ചാഞ്ചാട്ടവും കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതുമാണ് ഇന്ത്യൻ വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിസ്കൗണ്ടും ഡീലർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഔദ്യോഗിക ആഭ്യന്തര നിരക്കിൽ നിന്ന് ഔൺസിന് 78 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയിരുന്ന സ്ഥാനത്ത്, ഈ ആഴ്ച അത് 106 ഡോളർ (ഏകദേശം 10129 രൂപ) വരെയായി ഉയർന്നു. 15% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും ഉൾപ്പെടെയുള്ള നിരക്കിലാണിത്. കഴിഞ്ഞ ദിവസങ്ങളിൽ 10 ഗ്രാമിന് 1,53,451 രൂപ എന്ന രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണതിന് ശേഷം വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ വില വീണ്ടും ഉയർന്നു.
സ്വർണക്കടകളിൽ നിലവിൽ ജനത്തിരക്ക് വളരെ കുറവാണെന്ന് ജ്വല്ലറി ഉടമകളും വ്യക്തമാക്കുന്നു. വിപണിയിലെ വിലക്കയറ്റത്തിന്റെ പോക്ക് മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ സാധാരണക്കാരായ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം നിലവിൽ സ്വർണം വാങ്ങാതെ മാറിനിൽക്കുകയാണ്. കൂടാതെ, ഈ മാസം ആദ്യം കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുത്തനെ ഉയർത്തിയത് വിപണിയിലെ വ്യാപാരികളുടെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്. ഇതേതുടർന്ന് ജ്വല്ലറികൾ പുതിയ സ്റ്റോക്കുകൾ എടുക്കാൻ മടിക്കുകയാണെന്ന് മുംബൈയിലെ പ്രമുഖ വ്യാപാരികളും വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ സ്വർണം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചൈനയിലും സമാനമായ മന്ദഗതിയാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വിപണി നിരക്കിനേക്കാൾ 10 മുതൽ 20 ഡോളർ വരെ പ്രീമിയത്തിൽ വ്യാപാരം നടന്നിരുന്ന ചൈനയിൽ ഈ ആഴ്ച അത് 9 മുതൽ 12 ഡോളറിലേക്ക് ചുരുങ്ങി. പശ്ചിമേഷ്യയിലെലഭൗമരാഷ്ട്രീയ അസ്ഥിരതകൾ നിലനിൽക്കുന്നതിനാൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കുകയാണ് ചൈനയിലെ ഉപഭോക്താക്കൾ. ഹോങ്കോങ്ങിൽ രാജ്യാന്തര നിരക്കിന് ഒപ്പമോ അല്ലെങ്കിൽ 1.80 ഡോളർ പ്രീമിയത്തിലോ വ്യാപാരം നടക്കുമ്പോൾ സിംഗപ്പൂരിൽ 0.25 ഡോളർ ഡിസ്കൗണ്ട് മുതൽ 3.50 ഡോളർ പ്രീമിയം വരെയുള്ള നിരക്കിലാണ് വ്യാപാരം. ജപ്പാനിൽ 0.50 ഡോളർ ഡിസ്കൗണ്ടിലാണ് സ്വർണം വിൽക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4,365.76 ഡോളറിലേക്ക് വീണിരുന്നു. എങ്കിലും യു എസ്-ഇറാൻ വെടിനിർത്തൽ നീട്ടിവെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണി ഉയർന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ ആഗോള വിപണിയിൽ സ്വർണത്തിന് 4,360 ഡോളറിൽ ശക്തമായ പിന്തുണയുണ്ടെന്നും ഈ നിരക്കിൽ നിന്ന് വിപണിയിൽ വീണ്ടും വാങ്ങൽ ശേഷി ഉയർന്നേക്കുമെന്നുമാണ് വിങ് ഫങ് പ്രെഷ്യസ് മെറ്റൽസ് മേധാവി പീറ്റർ ഫങ് വിലയിരുത്തുന്നത്. തുടർച്ചയായ മൂന്നാം മാസവും അന്താരാഷ്ട്ര വിപണിയിൽ സ്വർണം നഷ്ടത്തിലാണ് മുന്നേറുന്നത്.
Content Highlights: Gold demand in India has fallen sharply, largely due to elevated prices and changing consumer spending patterns. The decline has affected jewellery sales and raised questions about whether buyers are postponing purchases or shifting toward alternative investment options.