ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍; യുഎസ് സംഘം അടുത്തയാഴ്ച ഇന്ത്യയില്‍

മാര്‍ക്കറ്റ് ആക്‌സസ്, നോണ്‍-താരിഫ് നിയന്ത്രണങ്ങള്‍, കസ്റ്റംസ് നടപടികള്‍, ട്രേഡ് ഫെസിലിറ്റേഷന്‍, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ചകള്‍ നടക്കുക

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാരക്കരാറിന് അന്തിമരൂപം നല്‍കുന്നതിനായി യുഎസ് പ്രതിനിധി സംഘം ജൂണ്‍ 1 മുതല്‍ 4 വരെ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലമായ ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, യുഎസ് സംഘത്തെ ചീഫ് നെഗോഷിയേറ്റര്‍ നയിക്കും.

മാര്‍ക്കറ്റ് ആക്‌സസ്, നോണ്‍-താരിഫ് നിയന്ത്രണങ്ങള്‍, കസ്റ്റംസ് നടപടികള്‍, ട്രേഡ് ഫെസിലിറ്റേഷന്‍, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ചകള്‍ നടക്കുക. ഫെബ്രുവരി 7ന് ഇന്ത്യയും യുഎസും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇടക്കാല വ്യാപാര കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചത്. പരസ്പരം ഗുണകരമായ വ്യാപാരബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ നീക്കം. അതോടൊപ്പം കൂടുതല്‍ സമഗ്രമായ ഉഭയക്ഷി വ്യാപര കരാറില്‍ ഏര്‍പ്പെടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

ഈ ചര്‍ച്ചകളുടെ ഭാഗമായാണ് ഇന്ത്യന്‍ പ്രതിനിധി സംഘം ഏപ്രില്‍ 20 മുതല്‍ 23 വരെ വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ നടത്തിയത്. ഇതിന്റെ തുടര്‍ഘട്ടമായാണ് അമേരിക്കന്‍ സംഘം ഇന്ത്യയിലെത്തുന്നത്. ഇടക്കാല കരാര്‍ അന്തിമമായാല്‍ ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ വലിയ മുന്നേറ്റമാകും ഉണ്ടാകുക എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വിതരണ ശൃംഖല, നിക്ഷേപം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ സഹകരണം തുടങ്ങിയ മേഖലകളിലും ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ അമേരിക്കയില്‍ നിന്ന് 50,000 കോടി ഡോളറിന്റെ സാധനങ്ങള്‍ വാങ്ങുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചിരുന്നു. 5 വര്‍ഷം കൊണ്ടാണ് ഇത്രയും വ്യാപാരം ഉണ്ടാകുക എന്നും ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള ഇന്ത്യയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു റൂബിയോയുടെ പ്രതികരണം.

ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലാകും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം ഉണ്ടാകുക. ഇന്ത്യ 5 വര്‍ഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നന്ദിയെന്നുമാണ് റൂബിയോ പറഞ്ഞത്. ട്രംപിന് കീഴെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത് എന്നും റൂബിയോ പറഞ്ഞു.

Content Highlights: The US will send a team to India from June 1 to 4 to continue discussions on a proposed interim trade agreement between the two countries. The visit is aimed at finalising key details of the pact and pushing forward talks on a wider bilateral trade agreement, a government official said on Wednesday.

To advertise here,contact us