ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് രാജ്യാന്തര എണ്ണ വിപണിയിലുണ്ടായ വൻ പ്രതിസന്ധി മറികടക്കാൻ ഇറക്കുമതിയിൽ വൻ അഴിച്ചുപണി നടത്തി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ രാജ്യം പരമ്പരാഗത സ്രോതസ്സുകളായ ഗൾഫ് രാജ്യങ്ങൾക്ക് പകരം റഷ്യ, ബ്രസീൽ, വെനസ്വേല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ വർദ്ധിപ്പിച്ചു. ഹർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായി തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ പുതിയ വിപണികൾ തേടി ഇറങ്ങിയത്.
ഇന്ത്യ തങ്ങളുടെ പകുതിയോളം ക്രൂഡ് ഓയിൽ ആവശ്യങ്ങൾക്കും പശ്ചിമേഷ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ നീക്കം പ്രതിസന്ധിയിലായി. ഇറാഖ്, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലച്ച മട്ടാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാഖിൽ നിന്ന് ഇന്ത്യ ഒരു തുള്ളി എണ്ണ പോലും വാങ്ങിയിരുന്നില്ല. എന്നാൽ മെയ് മാസത്തിൽ ഇറാഖും ഇറാനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരം ഹർമുസ് കടലിടുക്കിലൂടെ ഇറാഖി ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കിയതോടെ നേരിയ തോതിൽ (പ്രതിദിനം 40,000 ബാരൽ) ഇറക്കുമതി പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും ഇത് മുൻകാല അളവിനേക്കാൾ വളരെ കുറവാണ്.
ബദൽ പാതകളുമായി സൗദിയും യുഎഇയും
ഗൾഫ് മേഖലയിൽ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും മാത്രമാണ് നിലവിൽ ഇന്ത്യയിലേക്ക് സ്ഥിരതയാർന്ന തോതിൽ എണ്ണയെത്തിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റി അയക്കാൻ പ്രത്യേക പൈപ്പ്ലൈൻ സൗകര്യമുള്ളതിനാലാണ് ഇരുരാജ്യങ്ങൾക്കും ഇത് സാധ്യമാകുന്നത്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണയെത്തിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും രാജ്യങ്ങൾ യു എ ഇയും സൗദിയുമാണ്.
മുന്നിൽ റഷ്യ; വൻ കുതിപ്പുമായി തെക്കേ അമേരിക്കൻ രാജ്യങ്ങൾ
യു എസ് ഉപരോധങ്ങളിൽ ഇളവ് ലഭിച്ച പശ്ചാത്തലത്തിൽ റഷ്യ തന്നെയാണ് നിലവിലും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം. ഇതിന് പിന്നാലെ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലും വെനസ്വേലയും ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, അംഗോള എന്നിവയും ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സുകളായി മാറി കഴിഞ്ഞു. ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ബ്രസീൽ നാലാം സ്ഥാനത്തും വെനസ്വേല അഞ്ചാം സ്ഥാനത്തുമാണ്. മെയ് മാസത്തിലേക്ക് വരികയാണെങ്കില്‍ പ്രാഥമിക വിവരങ്ങൾ പ്രകാരം വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ഊർജ്ജ നിരീക്ഷകരായ 'കെപ്ലർ'വ്യക്തമാക്കുന്നത്.
വെനസ്വേലൻ ഭരണാധികാരി നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് ശേഷം അവിടുത്തെ എണ്ണ വിപണനത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുകയും വിപണന ഉപരോധങ്ങൾ നീക്കുകയും ചെയ്ത സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.
പെട്രോള്‍-ഡീസല്‍ വില വർധിക്കുന്നു
എണ്ണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ പ്രതിസന്ധി രൂക്ഷമാണ്. ക്രൂഡ് ഓയിലിനൊപ്പം എൽ.പി.ജി (LPG) ഇറക്കുമതിയെയും ഈ പ്രതിസന്ധി ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് നാല് തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചത്.
ഹർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ദിവസവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിക്കുകയാണ്. സമീപകാലത്ത് ഏറ്റവും മികച്ച വളർച്ച രേഖപ്പെടുത്തിയ ഇന്ത്യൻ വിപണിയിൽ ഉപഭോക്തൃ വിലക്കയറ്റം, വിദേശനാണ്യ ശേഖരത്തിലെ കുറവ്, കറന്റ് അക്കൗണ്ട് കമ്മി എന്നിവ ഈ എണ്ണ പ്രതിസന്ധി മൂലം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമായേക്കാം.
Content Highlights: Iraq has seen a decline in its share of crude oil exports to India, while Saudi Arabia and the UAE have largely maintained their positions in the Indian market. The trend reflects shifting energy trade patterns and evolving sourcing strategies among Indian refiners.