ഡോളറിനെതിരെ 'സെഞ്ച്വറി'യടിക്കാൻ ഇന്ത്യൻ രൂപയെ അനുവദിക്കരുത്'; RSS സംഘടനയുടെ മുന്നറിയിപ്പ്

അരവിന്ദ് പനഗരിയയുടെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം

ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയിൽ പ്രതികരണവുമായി സംഘപരിവാർ സംഘടന. സ്വദേശി ജാഗ്രൺ മഞ്ച് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു കാരണവശാലും ഡോളറിന് 100 എന്ന നിലയിലേക്ക് ഇന്ത്യൻ രൂപ എത്തരുത് എന്നാണ് സ്വദേശി ജാഗ്രൺ മഞ്ചിന്റെ കോ കൺവീനർ അശ്വനി മഹാജൻ പറഞ്ഞത്. ആർഎസ്എസിന്റെ സാമ്പത്തിക വിഭാഗമാണ് സ്വദേശി ജാഗ്രൺ മഞ്ച്.

പതിനാറാമത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയയുടെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു സ്വദേശി ജാഗ്രൺ മഞ്ചിന്റെ ഈ പ്രതികരണം. ഡോളറൊന്നിന് 100 എന്ന നിലയിലേക്ക് രൂപ എത്തിക്കോട്ടെ എന്നും, ആർബിഐ അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിന് മറുപടി നൽകുകയായിരുന്നു അശ്വനി മഹാജൻ. രൂപയുടെ മൂല്യം ഇടിയുന്നത് ജിഡിപി റാങ്കിങ്ങിൽ ഉള്ള ഇന്ത്യയുടെ നിലവിലെ സ്ഥാനത്തെ ബാധിക്കുമെന്നും ഇന്ത്യൻ വ്യവസായ മേഖല സംരക്ഷിക്കപ്പെടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്വയംപര്യാപ്തരാകുക എന്നതാണ് ഇതിന് പോംവഴി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്ക് നമ്മുടെ വ്യവസായ മേഖലയെ സംരക്ഷിക്കണം. നമ്മുടെ രാജ്യത്ത് ഉത്പാദനച്ചെലവ് കൂടുതലാണ്. അതിനാൽ ചൈന അടക്കമുള്ള രാജ്യങ്ങൾ അവരുടെ ഉത്പന്നങ്ങൾ നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇതിന് പുറമെ മറ്റ് പല ചെലവുകളും വ്യവസായ മേഖലയുടെ നടുവൊടിക്കുകയാണ്. നയങ്ങൾ രൂപീകരിക്കേണ്ടവർ ഇതൊന്നും മനസിലാക്കാതെ വ്യവസായങ്ങൾക്ക് മരണമണി മുഴക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: Swadeshi Jagran Manch has reacted strongly to the depreciation of the Indian rupee against the US dollar. Co-convener Ashwani Mahajan stated that the rupee should never reach the level of 100 against one dollar under any circumstance

To advertise here,contact us