2.87 ലക്ഷം കോടി രൂപ കേന്ദ്രത്തിന്; ആര്‍ബിഐയുടെ വമ്പന്‍ ഡിവിഡന്‍ഡ് പ്രഖ്യാപനം

ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 4.7 ശതമാനം വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 4.3 ശതമാനമാണ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കേന്ദ്രസര്‍ക്കാരിന് ചരിത്രത്തിലെ ഏറ്റവും വലിയ ഡിവിഡന്‍ഡ് തുകയായ 2.87 ലക്ഷം കോടി രൂപ കൈമാറാന്‍ തീരുമാനിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള 'സര്‍പ്ലസ് ട്രാന്‍സ്ഫര്‍' ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തിലാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം ആര്‍ബിഐ കേന്ദ്രത്തിന് നല്‍കിയ 2.69 ലക്ഷം കോടിയുടെ റെക്കോഡാണ് ഇത്തവണ മറികടന്നത്. എന്നാല്‍ പ്രതീക്ഷിച്ച ലാഭവിഹിതം 3 ലക്ഷം കോടിയിലേറെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ബിഐയ്ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങള്‍ വിദേശനാണ്യ ശേഖരങ്ങളില്‍ നിന്നുള്ള ലാഭം, സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപ വരുമാനം, ഡോളര്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം, കറന്‍സി അച്ചടിക്കല്‍ ഫീസ് എന്നിവയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ ഡോളര്‍ വില്‍പ്പനയിലൂടെ ആര്‍ബിഐക്ക് വലിയ ലാഭം ലഭിച്ചതും റെക്കോഡ് ഡിവിഡന്‍ഡിന് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

തുക കേന്ദ്രസര്‍ക്കാരിന് കൈമാറുന്നത് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുകയും, ഇന്ധന നികുതി കുറയ്‌ക്കേണ്ടി വന്നതും കേന്ദ്രത്തിന്റെ വരുമാനത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. വളം സബ്‌സിഡി ഉള്‍പ്പെടെയുള്ള ചെലവുകളും കൂടാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ബിഐ ഡിവിഡന്‍ഡ് സര്‍ക്കാര്‍ ചെലവുകള്‍ക്ക് വലിയ പിന്തുണയാകും.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയും പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് ഏകദേശം 3.16 ലക്ഷം കോടി ഡിവിഡന്‍ഡ് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആര്‍ബിഐയുടെ യഥാര്‍ത്ഥ കൈമാറ്റം അതിനേക്കാള്‍ കുറവായതോടെ പല പദ്ധതികളിലും ചെലവ് വെട്ടിക്കുറയ്ക്കാമെന്ന ആശങ്കയുണ്ട്. ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 4.7 ശതമാനം വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 4.3 ശതമാനമാണ്.

അതേസമയം ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് 20.61 ശതമാനം വളര്‍ന്ന് 91.97 ലക്ഷം കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്ത വരുമാനം 26.42 ശതമാനവും ചെലവ് 27.60 ശതമാനവും വര്‍ധിച്ചു. ആര്‍ബിഐ 'കണ്ടിന്‍ജന്‍സി റിസ്‌ക് ബഫറി'ലേക്ക് 1.09 ലക്ഷം കോടി മാറ്റിവെച്ചതായും അറിയിച്ചു. ഡിവിഡന്‍ഡ് ലഭിക്കുന്നതോടെ സര്‍ക്കാരിന് കൂടുതല്‍ വായ്പ എടുക്കാതെ തന്നെ പദ്ധതി ചെലവുകള്‍ നിറവേറ്റാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: The Central Board of the Reserve Bank of India on Friday approved a surplus transfer of Rs 2.87 lakh crore to the Central Government for the financial year 2025-26, marking one of the highest dividend payouts by the central bank to the government.

To advertise here,contact us