ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വ്യാഴാഴ്ച നിര്‍ണായക ബോര്‍ഡ് യോഗം ചേരുന്നു. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ കണ്ടെത്തുക, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകള്‍. നിലവിലെ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ ഈ വര്‍ഷം അവസാനം സ്ഥാനമൊഴിയാനിരിക്കെ, വ്യാഴാഴ്ച ചേരുന്ന ബോര്‍ഡ് യോഗം പുതിയ അമരക്കാരനെ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടത്തും.
കാംപ്ബെലിനു പുറമെ ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കും. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം രണ്ട് പേരാണ് നിലവില്‍ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എയര്‍ ഇന്ത്യയുടെ നിലവിലെ ചീഫ് കമേഴ്സ്യല്‍ ഓഫിസറായ നിപുണ്‍ അഗര്‍വാള്‍, വിസ്താരയുടെ മുന്‍ സിഇഒയും നിലവില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ മുതിര്‍ന്ന എക്സിക്യുട്ടീവുമായ വിനോദ് കണ്ണന് എന്നിവരാണത്.
എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ 2022ലാണ് നിപുണ്‍ അഗര്‍വാള്‍ ചുമതലയേല്‍ക്കുന്നത്. എയര്‍ ഇന്ത്യയുടെ വമ്പിച്ച വിമാന ഓര്‍ഡറുകളിലും നെറ്റ്വര്‍ക്ക് പരിഷ്കരണത്തിലും നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. 2001 മുതല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമായ വിനോദ് കണ്ണന് ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ വലിയ പരിചയസമ്പത്തുണ്ട്. എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, ഇരു കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരാളെയാകും ബോര്‍ഡ് പരിഗണിക്കുക.
ലയിപ്പിച്ച കമ്പനിയില്‍ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് വിനോദ് കണ്ണന്റെ നിയമനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതേസമയം, എയര്‍ലൈനിന്റെ ആഭ്യന്തര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നിപുണ്‍ അഗര്‍വാളിന് സ്ഥാപനത്തിനുള്ളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. അടുത്തിടെയുണ്ടായ അപകടങ്ങളും തുടര്‍ന്നുണ്ടായ കര്‍ശന നിയന്ത്രണ നടപടികളും പുതിയ മേധാവിക്ക് കൈകാര്യം ചെയ്യേണ്ടി വരും.വ്യാഴാഴ്ചത്തെ യോഗത്തില്‍ പേര് ചര്‍ച്ച ചെയ്യുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
Content Highlights: Air India Ltd. is set to hold a key board meeting on May 7 to discuss the matter of succession for its chief executive officer (CEO) position as well as the firm's financial stress, as per sources close to the matter. Prominent figures who are expected to be in attendance include Tata Sons Chairman N. Chandrasekaran, and Air India CEO Campbell Wilson among others.