അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ്കൃത എണ്ണ വില കത്തിക്കയറുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്.ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.
ജൂൺ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഏകദേശം 6%ത്തിലധികം ഉയർന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 3.3 ശതമാനം വർധിച്ച് 110 ഡോളറിലുമെത്തി. കഴിഞ്ഞ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ആറ് ശതമാനവും ഡബ്ല്യു.ടി.ഐ ഏഴ് ശതമാനവും മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ കടുത്ത അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്.
കുതിക്കുന്ന വിലയ്ക്ക് പിന്നിൽ
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുന്നത്. ഇതോടെ ഇറാനിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭീതിയാണ് വിപണിയെ ബാധിക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും ആശങ്ക ശക്തമാകുകയാണ്.
യുഎഇ യുടെ പിന്മാറ്റം
ആഗോള എണ്ണവിപണിയുടെ നിയന്ത്രണശക്തിയായ ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽനിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം രാജ്യാന്തര ഊർജരംഗത്ത് വലിയ ചലനങ്ങൾക്ക് കാരണമാകും. ഒപെകിൽ നിന്ന് പുറത്തുകടന്നതിന് ശേഷം യുഎഇ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നുണ്ടെങ്കിലും ക്രമാനുഗതമായി മാത്രമേ അളവ് കൂട്ടാനാകൂ. അതുകൊണ്ടുതന്നെ നിലവിലെ ക്ഷാമം ഉടനെ പരിഹരിക്കാൻ കഴിയില്ല.
വിദഗ്ധരുടെ മുന്നറിയിപ്പ്
ക്രൂഡ് വിലയിലെ കുതിപ്പിന് പിന്നാലെ ആഗോള ഓഹരി വിപണികളിലും അനിശ്ചിതാവസ്ഥ പ്രകടമാണ്. ഏഷ്യൻ വിപണികൾ ഉൾപ്പെടെ പല രാജ്യങ്ങളിലെയും ഓഹരികൾ ഇടിവ് നേരിട്ടു. ഇന്ധനവില വർധനവ് ഗതാഗതച്ചെലവും സാധനങ്ങളുടെ വിലയും ഉയർത്താനിടയുള്ളതിനാൽ ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണ വിപണി കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വില ബാരലിന് 150 ഡോളർവരെ ഉയരാനും സാധ്യതയുണ്ട്.
Content Highlights : Brent crude oil surges past USD 125 per barrel as stalled US-Iran talks fuel supply fears