പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്നുള്ള യുഎഇയുടെ പിന്മാറ്റം ആഗോള എണ്ണ വ്യാപാര ശൃംഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കാതെ തന്നെ എണ്ണ വിതരണം സാധ്യമാകുന്ന ഹബ്ഷാന്‍-ഫുജൈറ ഓയില്‍ പൈപ്പ്ലൈനാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാതെ, ഒമാന്‍ ഗള്‍ഫില്‍ നിന്നുതന്നെ കപ്പലുകളിലേക്ക് എണ്ണയെത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ പൈപ്പ്ലൈനിന്റെ സവിശേഷത. ഒപെകില്‍ നിന്ന് പിന്മാറിയതോടെ, മേയ് ഒന്നുമുതല്‍ കൂടുതല്‍ എണ്ണ വിതരണം ചെയ്യാന്‍ യുഎഇക്ക് ഫുജൈറ ടെര്‍മിനലിനെ ഉപയോഗപ്പെടുത്താനാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയതു മുതല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം തടസ്സപ്പെട്ടത് എണ്ണ വ്യാപാരത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃ ഷ്ടിക്കുന്നത്. പൈപ്പ്ലൈന് ഉപയോഗിച്ച് ഹോര്‍മുസിന് ഇപ്പുറം ഫുജൈറ തുറമുഖം വരെ ക്രൂഡോയില്‍ എത്തിച്ചാല്‍ തടസ്സങ്ങളില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ സാധിക്കും. അബുദാബിയിലെ ഹബ്ഷാന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടലിലെ ഫുജൈറ തുറമുഖം വരെ 400 കിലോമീറ്ററോളം നീളുന്നതാണ് ഈ പൈപ്ലൈന്.
ഹോര്‍മുസിനെ പൂര്‍ണമായും ഒഴിവാക്കി ഫുജൈറയില്‍ എണ്ണ എത്തുന്നതിനാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ തര്‍ക്കങ്ങള്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിക്കില്ല. പൈപ്പ്ലൈന് വഴി പ്രതിദിനം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ ബാരല്‍ ക്രൂഡോയില്‍ ഫുജൈറയില്‍ എത്തിക്കാന്‍ കഴിയും. യുഎഇയില്‍ നിന്നോ ഖത്തറില്‍ നിന്നോ കൊണ്ടുവരുന്നതിനേക്കാള്‍ ഇന്ത്യയിലേക്ക് ഇവിടെനിന്ന് ദൂരം കുറവാണ്. ഒപെക്കിന്റെ ഉല്പാദന നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ ഉല്പാദനം കൂട്ടാനും യുഎഇക്ക് കഴിയും.
പ്രതിദിനം 10 ലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഉല്പാദനം കൂട്ടുമെന്നാണു പ്രതീക്ഷ. എണ്ണയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് മറ്റ് മേഖലകള്‍ വികസിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതല്‍ എണ്ണ വില്‍ക്കേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. ക്രൂഡോയിലിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ 3.4 ലക്ഷം ബാരല്‍ മാത്രമാണ് യുഎഇ ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ വിശ്വസ്ത വ്യാപാര പങ്കാളി എന്ന നിലയില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട ക്രൂഡോയില്‍ യുഎഇ ലഭ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. രൂപയില്‍ ഇടപാടുകള്‍ നടത്താമെന്നതും ഇന്ത്യയ്ക്ക് നേട്ടമായി മാറും. യുഎഇയുമായി 300 കോടി ഡോളറിന്റെ എല്‍എന്‍ജി കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ വിതരണക്കാരാണ് യുഎഇ. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിയുള്ള വിതരണ ശൃംഖല ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കും. മംഗളൂരുവിലെ ഇന്ത്യയുടെ എണ്ണശേഖരത്തില് നിക്ഷേപം നടത്തുന്ന ഏക വിദേശ രാജ്യം യുഎഇ ആണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ എണ്ണ എത്തിക്കാനുള്ള യുഎഇയുടെ ശേഷി ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
Content Highlights: The UAE's exit from the OPEC has altered the energy landscape in the Middle East and has opened new possibilities for global oil trade. Effective May 1, Abu Dhabi would be free from the oil cartel's production limits, which are set primarily by Saudi Arabia, and can ramp up crude output to meet its full capacity.