സ്വര്‍ണവിലയില്‍ ഇടിവ്; ഇനി ഉടനെ കുതിക്കില്ല? ഇന്നത്തെ നിരക്കറിയാം

പശ്ചിമേഷ്യയിലെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം അയവിലേക്ക് പോകുമെന്ന പ്രതീക്ഷകള്‍ അന്താരാഷ്ട്ര വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. വില കുറഞ്ഞതു സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. 22 കാരറ്റിന് സമാനമായ വിലയിടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായിട്ടുണ്ട്. 18 കാരറ്റില്‍ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുടേയും ഇടിവാണ് ഉണ്ടായത്. ഇതോടെ ഗ്രാം, പവന്‍ വില യഥാക്രമം 11,525 രൂപയും 92,200 രൂപയുമായി.

പശ്ചിമേഷ്യയിലെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം അയവിലേക്ക് പോകുമെന്ന പ്രതീക്ഷകള്‍ അന്താരാഷ്ട്ര വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്. സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും ആഗോള വിപണികളെ ഭീതിയിലാഴ്ത്തിയിരുന്നു. എണ്ണ വില ഉയരുകയും, പണപ്പെരുപ്പ ഭീതി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമായ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നതോടെ വിപണികളില്‍ നേരിയ ആശ്വസം ഉണ്ടായിരിക്കുകയാണ്.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 0.90 ശതമാനം വര്‍ധിച്ച് 106 ഡോളറിന് മുകളിലാണ് എണ്ണവില.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മാസാവസാനത്തില്‍ വില കുറയാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും പ്രതീക്ഷകള്‍ ദുര്‍ബലമാണെന്നാണ് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇറാന്‍-ഇസ്രായേല്‍-അമേരിക്ക ചര്‍ച്ചകള്‍ പൂര്‍ണമായി വിജയിക്കുമോ എന്നത് അനിശ്ചിതത്വമായി തുടരുകയാണ്. ഹോര്‍മുസ് പോലുള്ള പ്രധാന ഊര്‍ജ്ജ പാതകള്‍ സുരക്ഷിതമല്ലെങ്കില്‍ എണ്ണവില വീണ്ടും ഉയരാനും അത് സ്വര്‍ണ വിലയെ സ്വാധീനിക്കാനും സാധ്യതയുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണം.

Content Highlights: Gold Prices Drop Today in Kerala After Recent Surge – 22K Gold Falls ₹65 per Gram

To advertise here,contact us