പണയം വെച്ച ഏഴ് കോടിയുടെ സ്വർണം അടിച്ചുമാറ്റി; പകരം വെച്ചത് അസ്സൽ വ്യാജൻ; കാനറ ബാങ്ക് ഉദ്യോഗസ്ഥർ പിടിയിൽ

സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

മഹാരാഷ്ട്രയിലെ കാനറ ബാങ്ക് ശാഖയിൽ പണയം വെച്ച സ്വർണം തട്ടിയെടുത്തു. 7.31 കോടി രൂപ വിലവരുന്ന സ്വർണമാണ് തട്ടിയെടുത്തത്. മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലെ കാനറ ബാങ്ക് അക്കൗണ്ടിലെ സ്വർണമാണ് തട്ടിയെടുക്കപ്പെട്ടത്.

സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബദ്നാപുർ ബ്രാഞ്ച് മാനേജർ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ, വ്യാജനെ ഒറിജിനൽ എന്ന് സ്ഥിരീകരിച്ചു നൽകിയ ആൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബാങ്കിൽ സ്ഥിരമായി നടത്തുന്ന പരിശോധനയ്ക്കിടെ വ്യാജ ആഭരണങ്ങൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഏപ്രിൽ 22ന് നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 22 പാക്കറ്റുകളിൽ നിന്നായി 3.79 കോടി രൂപയുടെ സ്വർണം കാണാതായി. പകരം വ്യാജ ആഭരണങ്ങൾ വെച്ചിരുന്നു. മറ്റൊരു സ്ട്രോങ്ങ് റൂമിൽ നിന്ന് 3.52 കോടി രൂപയുടെ ആഭരണങ്ങളാണ് കാണാതായത്. പിന്നാലെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ സ്വർണം മോഷ്ടിച്ചത് തെളിഞ്ഞത്.

സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരനെ സുരക്ഷാ പ്രോട്ടോകോൾ കാറ്റിൽപ്പറത്തി അകത്തുകയറാൻ സമ്മതിച്ചെന്നും ജോലിയിൽ ഗുരുതര വീഴ്ച ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിട്ടുള്ളത്. വ്യാജ ആഭരണങ്ങൾ ഒറിജിനൽ എന്ന് രേഖപ്പെടുത്തിയതിന് മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇനിയും ഗൂഢാലോചനയുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണ്.

സ്വർണം പണയം വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

സ്വർണം പണയം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പലതുമുണ്ട്, കാരണം ഇത് എളുപ്പത്തിൽ കിട്ടുന്ന ലോൺ ആയാലും ചെറിയ പിഴവുകൾ വലിയ നഷ്ടമായി മാറാം. ആദ്യം, പലിശ നിരക്ക് വ്യക്തമായി മനസ്സിലാക്കണം കുറഞ്ഞ പലിശയാണെന്ന് പറഞ്ഞ് ഒളിഞ്ഞിരിക്കുന്ന ചാർജുകൾ (processing fee, penalty തുടങ്ങിയവ) ഈടാക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാകാം, അതിനാൽ മുഴുവൻ ചെലവും ചോദിച്ച് ഉറപ്പാക്കണം.

അതുപോലെ തന്നെ, Loan-to-Value (LTV) എന്ന ആശയം വളരെ പ്രധാനമാണ്. സാധാരണയായി സ്വർണത്തിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രം ലോൺ ആയി ലഭിക്കും. ആർ ബി ഐയുടെ പുതി മാർഗനിർദ്ദേശപ്രകാരം ചെറിയ ലോണുകൾക്ക് 85% വരെയേും വലിയ ലോണുകൾക്ക് 75% വരെയും മാത്രമാണ് ലഭിക്കുക . ഇതിൽ കൂടുതലായി ലോൺ എടുക്കുന്നത് റിസ്‌ക് കൂട്ടും, കാരണം സ്വർണവില കുറയുകയോ നിങ്ങൾ തിരിച്ചടയ്ക്കാൻ വൈകുകയോ ചെയ്താൽ പ്രശ്നമാകും.

കൂടാതെ, ലോൺ കാലാവധി (tenure)യും തിരിച്ചടവ് രീതിയും വ്യക്തമായി മനസ്സിലാക്കണം. സമയം കഴിഞ്ഞാൽ പണയം വെച്ച സ്ഥാപനത്തിന് നിങ്ങളുടെ സ്വർണം ലേലം ചെയ്യാനുള്ള അവകാശം ഉണ്ടാകും. സ്വർണത്തിന്റെ ശുദ്ധത, ഭാരം എന്നിവ ശരിയായി വിലയിരുത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും റസീപ്റ്റില്‍ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

വിശ്വാസ്യതയുള്ള ബാങ്ക് അല്ലെങ്കിൽ ഫിനാൻസ് സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്, കാരണം സുരക്ഷിതമായ ലോക്കർ സംവിധാനവും നിങ്ങളുടെ സ്വർണം നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കും. നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയുന്നത്ര മാത്രം ലോൺ എടുക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. ഇല്ലെങ്കിൽ പലിശ കൂടി കടബാധ്യത വർധിച്ച് സ്വർണം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടാകും.

Content Highlights: Gold worth Rs 7.31 crore pledged at a Canara Bank branch in Maharashtra was allegedly stolen, prompting a major fraud investigation by authorities.

To advertise here,contact us