ഇന്ത്യയുടെ ആ നീക്കം പാളിയോ? തുടർച്ചയായ മൂന്നാം പാദത്തിലും കയറ്റുമതിയില്‍ ഇടിവ്

കയറ്റുമതി 40.26 ബില്യൺ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു

ന്യൂഡൽഹി: ആഗോള വ്യാപാര മേഖലയില്‍ കരുത്തുറപ്പിക്കാൻ ഇന്ത്യ നടപ്പിലാക്കിയ സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) പ്രതീക്ഷിച്ച നേട്ടം നൽകുന്നില്ലെന്ന് റിപ്പോർട്ട്. നീതി ആയോഗ് തിങ്കളാഴ്ച പുറത്തുവിട്ട ‘ട്രേഡ് വാച്ച്’ ത്രൈമാസ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഏഴ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒൻപത് ശതമാനവും രണ്ടാം പാദത്തിൽ ഏഴ് ശതമാനവും ഇടിവ് നേരിട്ടിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം പാദത്തിലും കയറ്റുമതിയിൽ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ആകെ വ്യാപാരത്തിൽ സ്വതന്ത്ര വ്യാപാര കരാർ പങ്കാളിത്തമുള്ള രാജ്യങ്ങളുടെ പങ്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2006-ൽ ഇത് വെറും 4.6 ശതമാനമായിരുന്നെങ്കിൽ 2024-ൽ 28.8 ശതമാനമായി ഉയർന്നു. എന്നാൽ, ഈ പങ്കാളിത്തം കയറ്റുമതി വർധിപ്പിക്കുന്നതിന് പകരം ഇറക്കുമതി കൂടുവാനാണ് ഇടയാക്കിയിരിക്കുന്നത്. മൂന്നാം പാദത്തിൽ എഫ് ടി എ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ആറ് ശതമാനം വർധിച്ച് 70.98 ബില്യൺ ഡോളറിലെത്തി. അതേസമയം കയറ്റുമതി 40.26 ബില്യൺ ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു.

കയറ്റുമതിയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് സിംഗപ്പൂരിലേക്കാണ് (34%). ഓസ്‌ട്രേലിയ (22.2%), ഭൂട്ടാൻ (22.9%), മൗറീഷ്യസ് (14%) എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞു. എന്നാൽ തായ്‌ലൻഡ് (8.3%), ശ്രീലങ്ക (9.9%), യുഎഇ (4.2%), മലേഷ്യ (2.8%) എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഇറക്കുമതിയുടെ കാര്യത്തിൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വരവ് 8.6 ശതമാനവും സിംഗപ്പൂരിൽ നിന്നുള്ളത് 25.8 ശതമാനവും വർധിച്ചു.

ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും വർധനയുണ്ട്.

നിലവിൽ ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ, ഓസ്‌ട്രേലിയ തുടങ്ങി 13 രാജ്യങ്ങളുമായും മേഖലകളുമായും ഇന്ത്യക്ക് വ്യാപാര കരാറുകളുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള നിർദ്ദിഷ്ട വ്യാപാര കരാറിന്റെ പുരോഗതിയെ ബാധിച്ചതായും നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഊർജ്ജ ഇറക്കുമതിക്കും പ്രവാസി തൊഴിൽ മേഖലയ്ക്കും ഗൾഫ് പ്രദേശം ഇന്ത്യക്ക് നിർണ്ണായകമാണ്. ഈ മേഖലയുമായുള്ള കരാറുകൾ വിപണി വിപുലീകരണത്തിനും കയറ്റുമതി വൈവിധ്യവൽക്കരണത്തിനും സഹായിക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

Content Highlights: India’s exports have declined for the third consecutive quarter, prompting concerns about the effectiveness of free trade agreements. The continued slowdown highlights challenges in global demand and trade competitiveness. Analysts are evaluating whether existing trade deals are contributing to the downturn in export performance.

To advertise here,contact us