യുദ്ധക്കെടുതിയില്‍ എണ്ണ വിപണി; 50 ദിവസത്തെ നഷ്ടം 5,000 കോടി ഡോളര്‍!

എണ്ണവിലയിലുണ്ടാകുന്ന അസ്ഥിരത ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ മാത്രം ഏകദേശം 5,000 കോടി ഡോളറിന്റെ എണ്ണ വരുമാന നഷ്ടം ഉണ്ടായിരിക്കുന്നുവെന്ന് ട്രേഡ് ഇന്റലിജന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കെപ്ലര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷം കാരണം എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും വലിയ തടസ്സങ്ങള്‍ നേരിട്ടു. ഇത് വിപണിയില്‍ വന്‍ നഷ്ടത്തിന് കാരണമായി.

പേര്‍ഷ്യന്‍ ഗള്‍ഫിലെയും ഹോര്‍മുസ് കടലിടുക്കിലെയും സംഘര്‍ഷാവസ്ഥ എണ്ണക്കപ്പലുകളുടെ നീക്കത്തെ ബാധിച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിലെ തടസ്സങ്ങള്‍ ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. യുദ്ധം ഇറാന്റെ എണ്ണ ഉല്‍പാദനത്തിനും സംഭരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും റിഫൈനറികള്‍ക്കും നേരെയുള്ള ഭീഷണി കാരണം കയറ്റുമതി ഗണ്യമായി കുറഞ്ഞു.

എണ്ണവിലയിലുണ്ടാകുന്ന അസ്ഥിരത ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇത് ആഗോള പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്‍കരുതലെന്ന നിലയില്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ അമേരിക്ക നല്‍കിയ ഇളവുകളും ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഊര്‍ജ പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഇറാന്‍ ഹോര്‍മുസ് തുറന്നതിനു പിന്നാലെ രാജ്യാന്തര തലത്തില്‍ എണ്ണവില കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും അടച്ചത് പ്രതിസന്ധിയാകുമോ എന്നത് കാത്തിരുന്നു കാണണം.

Content Highlights: Nearly 50 days into the Iran war, the global energy market has lost more than $50 billion worth of crude oil that was never produced, with analysts warning that the impact could last for months, if not years.

To advertise here,contact us