ഐഫോണ്‍ ഘടകഭാഗങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ്; ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 23,000 കോടി കടന്നു

അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈന മാറിയിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിലെത്തി

ചൈനയില്‍നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയത്. ഉല്‍പാദനം തുടങ്ങി ഏതാനും വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലേക്ക് ഐഫോണ്‍ ഘടകങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ഇന്ത്യ. 2025-26 സാമ്പത്തികവര്‍ഷം 23,000 കോടിയിലധികം രൂപയുടെ (250 കോടി ഡോളര്‍) ഘടകങ്ങളാണ് ഇത്തരത്തില്‍ കയറ്റി അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിവരെയുള്ള കണക്കാണിത്. സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ഘടക ഉല്‍പാദന പദ്ധതി വിജയം കാണുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. 2025-26 സാമ്പത്തിക വര്‍ഷം ആകെ 350 കോടി ഡോളറിന്റെ (32,458 കോടി രൂപ) ഇലക്ട്രോണിക്‌സ് കയറ്റുമതിയാണ് ചൈനയിലേക്ക് പ്രതീക്ഷിക്കുന്നത്. ജനുവരി വരെയിത് 280 കോടി ഡോളറിലെത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷമിത് 92 കോടി ഡോളര്‍ മാത്രമായിരുന്നു.

അതിനിടെ, അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈന മാറിയിട്ടുണ്ട്. 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിലെത്തിയെന്നാണ് (ഏകദേശം 14 ലക്ഷം കോടി രൂപ) പുതിയ കണക്കുകള്‍. ഇതില്‍ കൂടുതലും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാണ്. അതുകൊണ്ടുതന്നെ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം) 11,216 കോടി ഡോളര്‍ (10.30 ലക്ഷം കോടി രൂപ) പിന്നിട്ടു. 2024-25 സാമ്പത്തികവര്‍ഷംവരെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ അമേരിക്കയായിരുന്നു മുന്നില്‍.

2025-26ല്‍ ചൈനയിലേക്കുള്ള കയറ്റുമതി 36 ശതമാനം ഉയര്‍ന്ന് 1,947 കോടി ഡോളറായി. അതേസമയം, ഇറക്കുമതി 16 ശതമാനം വര്‍ധനയോടെ 13,163 കോടി ഡോളറിലെത്തി. 2025-26ല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.92 ശതമാനം ഉയര്‍ന്ന് 8,730 കോടി ഡോളറായി. ഇറക്കുമതി 15.95 ശതമാനം വര്‍ധനയുമായി 5,290 കോടി ഡോളറിലെത്തി.

Content Highlights: India's Apple component exports to China surge to record $2.5 billion under ECMS scheme

To advertise here,contact us