വിപണിയിലെ ഷോക്ക് ഒഴിവാക്കാന്‍ യുഎസ്; റഷ്യന്‍ എണ്ണയ്ക്ക് ഇളവ് നീട്ടിയേക്കും

മാര്‍ച്ച് പകുതിയോടെയാണ് ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്

റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധത്തിലെ ഇളവ് അമേരിക്ക നീട്ടാന്‍ സാധ്യത. ഉപരോധത്തിലുള്ള റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പന്നങ്ങളും വാങ്ങാന്‍ യുഎസ് ഭരണകൂടം ചില രാജ്യങ്ങള്‍ക്ക് അനുമതി തുടരാനാണ് സാധ്യതയെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ മാര്‍ച്ച് പകുതിയോടെയാണ് ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്. ഏപ്രില്‍ 11ന് ഇളവിന്റെ കാലാവധി തീരും. ആഗോള എണ്ണവില ക്രമം വിട്ട് ഉയരാതിരിക്കാന്‍കൂടിയായിരുന്നു ഇത്.

ഇളവ് നീട്ടുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്ലോട്ട് ബെസന്റ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപരോധത്തില്‍ ഇളവനുവദിച്ചത് ഇന്ത്യക്കും ചൈനയ്ക്കും വലിയ നേട്ടമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണവരവ് കുത്തനെ കൂടി. ചൈനയിലേക്ക് നേരത്തേ അയച്ച കപ്പലടക്കം ഇന്ത്യയിലേക്ക് വഴിതിരിച്ചെത്തുകയും ചെയ്തിരുന്നു.

അമേരിക്കയിലെ ആഭ്യന്തര എണ്ണവില നിയന്ത്രിക്കുക എന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് പണപ്പെരുപ്പം തടയുക എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഉപരോധങ്ങള്‍ക്കിടയിലും ആഗോള വിപണിയിലേക്ക് റഷ്യന്‍ എണ്ണയുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നത് വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ റഷ്യയോടുള്ള നിലപാടില്‍ അമേരിക്ക താല്‍ക്കാലിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Content Highlights: US likely to extend Russian oil waiver to ease Iran conflict-driven oil shock, sources say

To advertise here,contact us