രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സംഘം ഈമാസം വാഷിങ്ടണ്‍ സന്ദര്‍ശിക്കും. ഇന്ത്യയുമായി വ്യാപാരക്കരാറിന് നേരത്തേ ധാരണയായിട്ടുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘത്തെ അമേരിക്കയിലേക്കു സ്വാഗതംചെയ്യുന്നെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സാമൂഹമാധ്യമത്തില്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള അന്തിമ തീയതിയായിട്ടില്ല. യു.എസ്. വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറുമായി ഗോര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫെബ്രുവരി രണ്ടിനാണ് ഇരുരാജ്യവും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള പ്രാഥമിക ധാരണ പ്രഖ്യാപിച്ചത്. എന്നാല്‍, അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ യുഎസ് സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ ഇന്ത്യ നിര്‍ത്തിവെക്കുകയായിരുന്നു. ഇരുരാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയ വ്യാപാര കരാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറെടുക്കുകയാണെന്ന് ഗോര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചേര്‍ന്ന് വിഭാവനം ചെയ്ത 'മിഷന് 500' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ക്ക് സമാന്തരമായി, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും യുഎസ് ഇറക്കുമതിക്കാര്‍ക്കും നേരിട്ട് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഇന്ത്യ-യുഎസ് ട്രേഡ് ഫെസിലിറ്റേഷന്‍ പോര്‍ട്ടല്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും ചേര്‍ന്ന് പുറത്തിറക്കി.
Content Highlights: India-US trade deal back in focus, delegation from New Delhi to visit Washington this month