നമ്മുടെ സ്വന്തം സ്വർണം എന്തുകൊണ്ട് ഖനനം ചെയ്യുന്നില്ല?; ഇന്ത്യയില്‍ 500 മില്യണ്‍ ടണ്‍ സ്വർണ അയിര്: ശശി തരൂർ

നമ്മുടെ മണ്ണിനടിയിലുള്ള ധാരാളമായുള്ള വിഭവമാണ് വിദേശ ഖനന കുത്തകകൾക്ക് പണം നൽകി വിദേശത്ത് നിന്ന് കൊണ്ടുവരുന്നതെന്നും ശശി തരൂർ എഴുതുന്നു

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് നിന്നും വലിയ തോതില്‍ പണം പുറത്തേക്ക് ഒഴുകുന്നതിനും ഈ ഇറക്കുമതി കാരണമാകുന്നു. സ്വന്തമായി ഉത്പാദനം വർധിപ്പിക്കുക എന്നുള്ളതാണ് ഇതിനുള്ള ഏക പരിഹാര മാർഗ്ഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖനന പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വലിയ തോതില്‍ വിജയകരമല്ല. ഈ സാഹചര്യത്തിലാണ് ശശി തരൂർ എംപി എന്‍ഡിടിവി വെബ്സൈറ്റില്‍ രാജ്യത്തെ സ്വർണ ഖനനവുമായി ബന്ധപ്പെട്ട് എഴുതിയ ഒരു ഒപീനിയന്‍ ശ്രദ്ധേയമായി മാറുന്നത്.

ഏകദേശം 500 മില്യൺ ടൺ ഖനനം ചെയ്യാത്ത സ്വർണ ധാതു (ഗോൾഡ് ഓറ) നമ്മുടെ മണ്ണിനടിയിൽ കിടക്കുമ്പോഴും ആഭ്യന്തര ഉൽപ്പാദനം ലോകത്തിന്റെ കണക്കുകളിൽ ഒരു നിസ്സാര സംഖ്യ മാത്രമാണെന്നാണ് ശശി തരൂർ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വർഷത്തിൽ വെറും ഒന്നര ടൺ മാത്രമാണ് ഇന്ത്യ ഖനനം ചെയ്യുന്നത്. അതേസമയം, ഓസ്ട്രേലിയ, ഘാന, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ടൺ സ്വർണം ഇറക്കുമതി ചെയ്ത് വിദേശനാണ്യ ശേഖരം ഊറ്റിക്കുടിക്കുകയാണ്. ഇത് ഒരു വിരോധാഭാസം മാത്രമല്ല ലോകക്രമം തകരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സാമ്പത്തിക പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന സ്വയം സൃഷ്ടിതമായ ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദശാബ്ദങ്ങളായി ഇന്ത്യൻ ഭരണകൂടം സ്വർണ ഖനനത്തെ വരുമാനത്തിന്റെ തന്ത്രപരമായ സാധ്യതയായി കാണാതെ, ദാരിദ്ര്യത്തിന്റെയും സംശയത്തിന്റെയും മനോഭാവത്തോടെയാണ് സമീപിച്ചത്. ഖനനം നടത്തുന്നവർ നേരിടേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ വളരെ കടുത്തതാണ്. തുടക്കത്തില്‍ ലഭിക്കേണ്ട റെക്കണസൻസ് പെർമിറ്റ് മുതൽ അന്തിമ ഖനന ലീസ് വരെ കടമ്പകള്‍ ഏറെയാണ്. പരിസ്ഥിതി ക്ലിയറൻസുകൾ, നികുതി നയം എന്നിവയെല്ലാം കടുത്തതാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഖനന നിയമങ്ങൾ ലളിതമാക്കുമ്പോൾ, ഇന്ത്യ കൊളോണിയൽ കാലത്തെ നിയമങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഓരോ ധാതു നിക്ഷേപത്തെയും സാധ്യതയുള്ള അഴിമതിയായി കാണുന്ന മനോഭാവവും ഇവിടെയുണ്ട്.

ഇത്തരം രീതികള്‍ക്ക് നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്. ഭൗമരാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഒരു ലോകക്രമത്തില്‍ സ്വർണത്തിന് വലിയ പങ്കാണുള്ളത്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണം സംഭരിക്കുന്നത് കൂടുന്നു. ഇന്ത്യ അപ്പോഴും ഭൂരിഭാഗം സ്വർണവും ഇറക്കുമതി ചെയ്യുന്നത്, നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സമ്പത്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് തുല്യമാണ്. നമ്മുടെ മണ്ണിനടിയിലുള്ള ധാരാളമായുള്ള വിഭവമാണ് വിദേശ ഖനന കുത്തകകൾക്ക് പണം നൽകി വിദേശത്ത് നിന്ന് കൊണ്ടുവരുന്നതെന്നും ശശി തരൂർ എഴുതുന്നു.

ഇത് വിദേശനാണ്യ ശേഖരത്തിന്റെ അനാവശ്യമായ ചോർച്ചയ്ക്ക് കാരണമാണ്. ഈ സാഹചര്യം രൂപയെ ദുർബലപ്പെടുത്തുകയും അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ തുടങ്ങിയ മറ്റ് നിർണായക മേഖലകളിലുള്ള നിക്ഷേപത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ നിയമങ്ങള്‍ മാറ്റി എഴുതുക എന്നുള്ളതാണ് ഇതിന് ഏറ്റവും ഉചിതമായ പരിഹാരം. നിലവിലെ മൾട്ടി-ലേയേർഡ് അപ്രൂവൽ പ്രക്രിയ സിംഗിൾ വിൻഡോ ക്ലിയറൻസ് സിസ്റ്റമാക്കി മാറ്റുകയും 20 വർഷത്തെ ഹോറൈസണിൽ റെഗുലേറ്ററി ഉറപ്പ് നൽകുകയും വേണം.

നമ്മുടെ റോയൽറ്റി നിരക്കുകളും ടാക്സ് ഘടനകളും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. ഇന്ത്യയെ ഒരു ആഗോള സ്വർണ ഖനന ഹബ്ബാക്കി മാറ്റണമെങ്കിൽ, ദീർഘകാല മൂലധന നിക്ഷേപങ്ങൾക്ക് വലിയ തോതിലുള്ള നികുതി ഇളവുകള്‍ നല്‍കണം. ഇത് കോർപ്പറേറ്റുകളെ പ്രീണിപ്പിക്കലല്ല, മറിച്ച് അവർ എടുക്കുന്ന റിസ്കിനുള്ള അംഗീകാരമായി വേണം കാണാന്‍. ഉത്പാദനത്തിന്‍റെ ആദ്യവർഷങ്ങളില്‍ ടാക്സ് അവധികളും ഖനന ചെലവുകൾക്കുള്ള ക്രെഡിറ്റുകളും ഇന്ത്യബിസിനസിന് തുറന്നിരിക്കുന്നു എന്ന സിഗ്നൽ ലോക വിപണികൾക്ക് നൽകും.

ഖനന വ്യവസായത്തെ പിന്തുടരുന്ന പരിസ്ഥിതി, സാമൂഹിക ആശങ്കകൾ യാഥാർത്ഥ്യമാണ്. അനിയന്ത്രിതമായ അനധികൃത ഖനന മേഖലയും ആധുനിക, ലോകോത്തര മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യവസായവും തമ്മിലുള്ള വ്യത്യാസമുണ്ട്. സുതാര്യമായ ബിഡ്ഡിങ് പ്രക്രിയയിലൂടെ പ്രധാന ആഗോള നിക്ഷേപകരെ ക്ഷണിക്കുന്നതിലൂടെ, ഖനനത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുന്ന അഡ്വാൻസ്ഡ് ടെക്നോളജിയും ഉത്തരവാദിത്തപരമായ രീതികളും കൊണ്ടുവരാം.

കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍ ആധുനിക സ്വർണ ഖനനം ഗ്രാമീണ വികസനത്തിന്റെ എഞ്ചിനാകാം. രാജ്യത്തിന്റെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിൽ ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന വ്യവസായമായും ഇത് മാറും. മനഃശാസ്ത്രപരമായ മാറ്റം നിയമപരമായ മാറ്റത്തേക്കാൾ വലുതായിരിക്കാം. നമ്മുടെ ധാതു സമ്പത്തിനെ മണ്ണിൽ കാക്കേണ്ടതോ സൂക്ഷിക്കേണ്ടതോ ആയ എന്തോ ആയി കാണുന്നത് നിർത്തി, രാജ്യത്തിന്റെ പുരോഗമനത്തിനുള്ള ഉപകരണമായി കാണാൻ തുടങ്ങണം.

500 മില്യൺ ടൺ അയിര് സ്വർണം മാത്രമല്ല, അത് സ്കൂളുകളും റോഡുകളും കൂടുതൽ സ്ഥിരതയുള്ള കറൻസിയുമാണ്. നമ്മുടെ മണ്ണ് സമ്പന്നമാണ്; നയം മാത്രമാണ് ദരിദ്രം. നമ്മൾ അർഹിക്കുന്ന സാമ്പത്തിക പരമാധികാരത്തിലേക്ക് ഖനനം ചെയ്ത് എത്തുക, നമ്മുടെ മണ്ണിന് അടിയിലെ നിശബ്ദ സ്വർണത്തെ ഭാവി സമൃദ്ധിയുടെ എഞ്ചിനാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: Shashi Tharoor stated that India could potentially mine up to 500 million tonnes of gold ore if current restrictions on gold mining are lifted

To advertise here,contact us