വിപണി പ്രതീക്ഷിച്ചത് പോലെ തന്നെ, ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തി. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസം നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐകകണ്ഠ്യേന ഈ തീരുമാനമെടുത്തത്.
ആഗോള വിപണിയിലെ മാറ്റങ്ങൾ
ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആർബിഐയുടെ ഈ തീരുമാനം വരുന്നത്. ഈ സമാധാന പ്രഖ്യാപനം ആഗോള വിപണികളിൽ വലിയ ഉണർവുണ്ടാക്കി. ഇതിന്റെ ഫലമായി ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വലിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്താൻ രണ്ട് മാസം കൂടുമ്പോഴുമാണ് ആർബിഐ കമ്മിറ്റി യോഗം ചേരുന്നത്. ഇതിനുമുമ്പ് 2025 ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലും 2026 ഫെബ്രുവരിയിലും നടന്ന യോഗങ്ങളില് പലിശ നിരക്കിൽ മാറ്റം വരുത്താതെ തുടരാനായിരുന്നു തീരുമാനം.ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ തന്നെ സാധാരണക്കാരുടെ ബാങ്ക് വായ്പകളുടെ ഇഎംഐയിൽ നിലവിൽ പെട്ടെന്ന് മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ആഗോളതലത്തിൽ യുഎസ്-ഇറാൻ വെടിനിർത്തൽ വാർത്ത വന്നത് വിപണിക്ക്ഗുണകരമായിട്ടുണ്ട്.
ഇന്ത്യയുടെ കരുത്ത്
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണ്. എന്നാൽ ഇറാഖ് യുദ്ധം കാരണം മാർച്ച് മാസത്തിൽ സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായി മാറി. ഇന്ധനവില കൂടുന്നത് ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഭീഷണിയാണ്. യുദ്ധം കാരണം സാമ്പത്തിക മേഖലയിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു. ഇത് ഓഹരി വിപണിയിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത്, അടുത്ത സാമ്പത്തിക വർഷത്തെ (FY27) ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.9% ആയി കുറയാൻ സാധ്യതയുണ്ടെന്ന് ആർബിഐ വിലയിരുത്തുന്നു. ഇന്ത്യയുടെ കയ്യിൽ 697.1 ബില്യൺ ഡോളറിന്റെ കരുത്തുറ്റ വിദേശനാണ്യ ശേഖരമുണ്ട്.
പലിശ നിരക്ക് മാറ്റാത്തതിന് പിന്നിലെ കാരണങ്ങൾ
യുദ്ധം കാരണമുള്ള വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ, വിവേകപൂർണ്ണമായ നീക്കമെന്ന നിലയിലാണ് ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് ഗവർണർ ഓർമ്മിപ്പിച്ചു.
Content Highlight : RBI Announced the latest Repo rate