ആഗോള വിപണിയില്‍ അനിശ്ചിതത്വങ്ങള്‍ തുടരുമ്പോള്‍ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ഇടിവാണ് ഏതാനും നാളുകളായി രേഖപ്പെടുത്തുന്നത്. യുദ്ധത്തിനിടെ സ്വര്‍ണവില കുത്തനെ താഴേക്ക് പോയത് അപ്രതീക്ഷിതമായിരുന്നു. ഇതോടൊപ്പം വെള്ളി വിലയും ഇടിഞ്ഞു. വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം സമീപ കാലത്ത് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വില കുറയുന്നത് നിക്ഷേപകര്‍ക്ക് ആശങ്കയാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വെള്ളിയുടെ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. വരും മാസങ്ങളില്‍ വെള്ളിയുടെ വില എങ്ങോട്ട് നീങ്ങുമെന്ന് നിശ്ചയിക്കുന്ന ചില പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
വ്യാവസായിക ആവശ്യകത
വെള്ളിയുടെ പകുതിയിലധികം ആവശ്യവും വ്യവസായക മേഖലയില്‍ നിന്നാണ്. പ്രത്യേകിച്ച് സൗരോര്‍ജ്ജ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, 5ജി സാങ്കേതികവിദ്യ എന്നിവയുടെ നിര്‍മാണത്തില്‍ വെള്ളി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മലിനീകരണം കുറഞ്ഞ, പുനരുപയോഗിക്കാവുന്ന ഊര്ജോല്പാദനത്തിനും വെള്ളി ആവശ്യമാണ്. വരും നാളുകളില്‍ വ്യാവസായിക രംഗത്ത് വെള്ളിയുടെ ഡിമാന്‍ഡ് ഏറുകയേ ഉള്ളൂവെന്ന് സാരം.
ചൈനയുടെ സാമ്പത്തിക ഉത്തേജനം
ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താക്കളില്‍ ഒന്നാണ് ചൈന. ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആ രാജ്യത്തെ നിര്‍മാണ മേഖലയെ ഉണര്‍ത്തുകയും അത് വെള്ളിയുടെ ഡിമാന്‍ഡ് ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ നിര്‍മാണത്തിന് വെള്ളി അവിഭാജ്യമാണ്. ലോകത്താകമാനം ചൈനയിയില്നിന്ന് ഇത്തരം ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നതിനാല്‍ ആ രാജ്യത്തെ വിപണയില്‍ വെള്ളി ഒഴിച്ചുകൂടാനാകാത്തതാകും.
യുഎസ് ഫെഡറല്‍ റിസര്‍വ് നയങ്ങള്‍
അമേരിക്കയിലെ പലിശ നിരക്കുകളില്‍ വരുന്ന മാറ്റങ്ങള്‍ വെള്ളി വിലയെ നേരിട്ട് ബാധിക്കും. പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചാല്‍, അത് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വെള്ളിയിലേക്കും സ്വര്‍ണത്തിലേക്കും തിരിയുകയും ചെയ്യും.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍
യുദ്ധം ഉള്‍പ്പടെയുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വെള്ളി വില വര്‍ധിപ്പിക്കും. ഇത്തരം ഘട്ടങ്ങളില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് പണം പിന്‍വലിച്ച് വിലപിടിപ്പുള്ള ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ താല്പര്യപ്പെടുമെങ്കിലും ഡോളര്‍ ശക്തിയാര്‍ജിച്ച നിലവിലെ സാഹചര്യം വെള്ളിക്ക് പ്രതികൂലമാണ്.
വെള്ളി ശേഖരം കുറയുന്നു
ലണ്ടന്‍ ബുളളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന് പോലുള്ള സ്ഥാപനങ്ങളുടെ കൈവശമുള്ള വെള്ളിയുടെ ശേഖരത്തില്‍ കുറവ് വരുന്നത് വിപണിയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. വിതരണത്തേക്കാള്‍ കൂടുതല്‍ ആവശ്യകത വരുന്ന സാഹചര്യം വില ഉയരാന്‍ കാരണമാകും.
വില പ്രവചനം
വിദഗ്ധരുടെ അഭിപ്രായത്തില്‍ വരും കാലയളവില്‍ വെള്ളി വിലയില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് വെള്ളിവില ഗ്രാമിന് 300 രൂപയ്ക്ക്മുകളില് ഉയര്‍ന്നത് നിലവില്‍ 250ലേക്ക് താഴ്ന്നിട്ടുണ്ട്. എന്നിരുന്നാലും വ്യാവസായികമായ ആവശ്യകതയും ആഗോള സാമ്പത്തിക ഘടകങ്ങളും വെള്ളിക്ക് തിളക്കം നല്കുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വെള്ളി ഇപ്പോഴും മികച്ചൊരു അവസരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: What’s next for silver? Key triggers that could decide its next move