
2023 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ തെറ്റു ചെയ്യാത്ത 6.2 ലക്ഷം വാഹനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നിയമാനുസൃതമായി വാഹനമോടിച്ചിട്ടും, എഐയുടെ സാങ്കേതിക പിഴവ് മൂലം അന്യായമായി ഈടാക്കിയത് 12.4 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയ കണക്കില്‍ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തല്‍ വാഹനമോടിക്കുന്ന ആളുകള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇത് ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫഴ്‌സ്‌മെന്റ് സമ്പ്രദായത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കയ്ക്കും വഴിതെളിച്ചു. എഐ സാങ്കേതിക വിദ്യയില്‍ ഉണ്ടായ പിഴവാണ് ഇപ്രകാരം നിയമങ്ങള്‍ പാലിച്ചവര്‍ക്കും പിഴ ചുമത്താനുണ്ടായ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
15 മാസത്തിനിടെ പ്രതിദിനം ശരാശരി 13,00ത്തിലധികം തെറ്റുകള്‍ മുംബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ എഐ സാങ്കേതിക വിദ്യ വരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചതോടെ സാങ്കേതി തകരാര്‍ പരിശോധിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ മാറ്റുന്നതടക്കമുള്ള തിരുത്തല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എംഎസ്ആര്‍ഡിസി. അനധികൃതമായി ഈടാക്കപ്പെട്ട തുക ആളുകള്‍ക്ക് തിരികെ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പൂനെ അതിവേഗ പാതയില്‍ ഗതാഗതനിയമലംഘനത്തിന് പിഴ നല്‍കുന്നതിലെ അപകാതകള്‍ മുന്‍പ് തന്നെ പൊതുജനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിന് സ്ഥാപിച്ച ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റത്തിന് എതിരെയായിരുന്നു, ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ അടക്കമുള്ള വാഹന ഉടമകള്‍ പരാതിയുമായി രംഗത്തെത്തിയത്.
കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ നടപ്പിലാക്കിയ സംവിധാനത്തിലൂടെ പിഴയായി അമിത നിരക്ക് ഈടാക്കുന്നുവെന്നതായിരുന്നു ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. 2024 ജൂലൈ മാസം വരെ 269.47 കോടി രൂപ പിഴ ചുമത്തപ്പെട്ടെങ്കിലും കിട്ടിയത് 25.17 കോടി രൂപയാണ്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെ നടപ്പാക്കിയ സംവിധാനത്തിലൂടെ നല്‍കുന്ന പിഴയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍.
മഹാരാഷ്ട്ര റോഡ് വികസന കോര്‍പ്പറേഷന്‍, ആര്‍ടിഒസ ഹൈവേ പൊലീസ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ സ്വകാര്യ-പൊതുമേഖല സംവിധാനമാണ് ഇന്റലിജന്‍സ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം. പതിനേഴോളം ഗതാഗത ലംഘനങ്ങള്‍ കണ്ടെത്താനുള്ള കഴിവ് ഈ സാങ്കേതിക വിദ്യയ്ക്കുണ്ട്, എങ്കിലും അമിത വേഗതയ്ക്കുള്ള പിഴയാണ് സിസ്റ്റം കൂടുതലായും ചുമത്തിയിട്ടുള്ളത്. നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനുള്ള സെന്‍സര്‍, ഓട്ടോമാറ്റിക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ കൗണ്ട്, സ്പീഡ് ഡിറ്റക്ടര്‍, കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഐടിഎം എസ് പ്രോക്ടാക്ക് സൊല്യൂഷന്‍ എന്ന കമ്പനിയാണ് സാങ്കേതിക വിദ്യ നിയന്ത്രിക്കുന്നത്.
Content Highlight; AI Error on Mumbai-Pune Expressway: 6.2 Lakh Wrong Fines, ₹12.4 Cr Collected