വൈകി എത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ കയറ്റിയില്ല; 10ാം ക്ലാസുകാരി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

ഒമ്പത് മണിക്കായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിങ് സമയം

വൈകി എത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ കയറ്റിയില്ല; 10ാം ക്ലാസുകാരി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു
dot image

പാട്‌ന: ബിഹാറിലെ മസൗര്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും ചാടി മരിച്ചു. വൈകിയെത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം. കോമള്‍ കുമാരിയെന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

ചൊവ്വാഴ്ച മഹാരാജ്ചക്ക് ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് കുട്ടി പോയിരുന്നു. അവിടെ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് പരീക്ഷാകേന്ദ്രം. ഒമ്പത് മണിക്കായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിങ് സമയം. എന്നാല്‍ കോമള്‍ ഇവിടെ എത്തിയപ്പോള്‍ സമയം 9.15ആയിരുന്നു.

സമയം കഴിഞ്ഞതിനാല്‍ പരീക്ഷാകേന്ദ്രത്തിലെ ഗേറ്റുകള്‍ പൂട്ടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനി നിരവധി തവണ ഗേറ്റ് തുറക്കാന്‍ അപേക്ഷിച്ചെങ്കിലും അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നാണ് വിവരം.

തുടര്‍ന്ന് അവിടെ നിന്നും മടങ്ങിയ കുട്ടി, വീട്ടിലേക്ക് പോകാതെ നദൗള്‍ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറി തരെഗ്നയ്ക്കും മൗസര്‍ഹിക്കും ഇടയില്‍വച്ച് പുറത്തേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ കോമളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പ്രാഥമിക ഘട്ടത്തില്‍ മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് മസൗര്‍ഹി പൊലീസ് സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. പിന്നാലെ കുട്ടിയെ തിരിച്ചറിഞ്ഞ ഗ്രാമീണരാണ് വിവരം കുടുംബത്തെ അറിയിച്ചത്.

Content Highlights: A Class 10 girl in Bihar died after jumping from a moving train when she was denied entry to her exam centre for arriving late

dot image
To advertise here,contact us
dot image