
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ സമിതി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം എല്ലാവർക്കും അഭിമാനം തന്നെയാണെന്നും മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
നിലവിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുകയാണ്. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം അൽപ്പസമയത്തിനകം ചേരും. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും ഈ യോഗത്തിൽ പങ്കെടുക്കുക. കോൺഗ്രസും സമാനമായ രീതിയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlight:Sindoor attack a proud moment, targets of terrorists were destroyed. Prime Minister