ഇറാന് പുതിയ പരമോന്നത നേതാവ്?; ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്

ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ

ഇറാന് പുതിയ പരമോന്നത നേതാവ്?; ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്
dot image

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്‌. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.

അതേസമയം, ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിൽ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.

ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക് നേരെ ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

ആക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനയിയെ വധിച്ചുവെന്ന് ഇസ്രയേലും അമേരിക്കയും വാദിച്ചിരുന്നു. ഖമനയിയുടെ വധത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവൻ കൂടിയാണ് അദ്ദേഹം. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഷിയ മുസ്ലിം വിഭാഗത്തിൻറെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ജനനം. ഖുമിലെ സെമിനാരിയിൽ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തിൽ ജനപ്രീതി നേടിയ നേതാവാണ്.

Content Highlights: Mojtaba Khamenei, son of Iran’s current Supreme Leader Ali Khamenei, has reportedly been selected as his successor. A panel of experts and clerics made the decision, signaling a planned leadership transition within Iran’s top political and religious hierarchy

dot image
To advertise here,contact us
dot image