

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുത്ത ആളുകള്‍ക്ക് മിന്നല്‍ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പഠിച്ച് ഇറങ്ങി ലൈസന്‍സ് നേടിയവരെ വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് നേടിയ പലര്‍ക്കും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ ചെക്കില്‍ പരാജയപ്പെട്ടാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതരെ വിളിച്ചു വരുത്തും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സൂപ്പര്‍ ചെക്ക് പരിശോധനയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡ് അപകടങ്ങള്‍ തടയാന്‍ സെമിനാര്‍ അല്ല ട്രെയിനിങ് വേണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 650ഓളം പേരാണ് നടപടി നേരിട്ട് പുറത്തായത്. ഇതില്‍ 500 ഓളം പേരെ തിരിച്ചെടുക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഒരു തവണത്തേക്ക് ഡ്രൈവര്‍മാരോട് ക്ഷമിക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. തിരിച്ചെടുക്കുന്നവരില്‍ നിന്നും 5000 രൂപ ഫൈന്‍ ഈടാക്കാനും നിര്‍ദേശമുണ്ട്.
Content Highlights: Kerala Transport Minister K B Ganesh Kumar has commented on issues related to the driving licence system