ശബരിമല നട ഇന്ന് തുറക്കും; കെ ജയകുമാര്‍ എത്തിയേക്കും

കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക

ശബരിമല നട ഇന്ന് തുറക്കും; കെ ജയകുമാര്‍ എത്തിയേക്കും
dot image

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.

പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അരുണ്‍കുമാര്‍ നമ്പൂതിരി കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും.

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകള്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ത്ഥാടനത്തിന് തുടക്കമാകും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.

വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങിന് ഡിസംബര്‍ രണ്ടുവരെ ഒഴിവില്ല. 70,000 പേരാണ് ഡിസംബര്‍ രണ്ടുവരെ വെര്‍ച്യുല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് വഴി 20,000 പേര്‍ക്ക് ദര്‍ശനം നടത്താം. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ ജയകുമാര്‍ ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയേക്കും.

ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞിരുന്നു. കോടതിയുടെ അന്വേഷണപരിധിയിലുളള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.

ബോര്‍ഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങള്‍ പരിശോധിച്ച് അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്നും ജയകുമാര്‍ പറഞ്ഞു.

Content Highlights: sabarimala temple will open today

dot image
To advertise here,contact us
dot image