യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക്?

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു.

dot image

ന്യൂഡല്‍ഹി: ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക് നല്‍കിയേക്കും. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ് അബിന്‍ വര്‍ക്കി.

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാദ്ധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി. തെരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ച് അബിന്‍ വര്‍ക്കി അദ്ധ്യക്ഷനാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സാമുദായിക സമവാക്യം ഇക്കാര്യത്തില്‍ പരിഗണിക്കില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image