'ക്ഷേത്രത്തിന് പണംമുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ല;മുസ്ലിം,ക്രിസ്ത്യൻ ആരാധനാലയങ്ങൾ ചോദിച്ചാല്‍ കൊടുക്കുമോ'

'സര്‍ക്കാരിന് മതം ഇല്ല. ഇവിടെ നേതാക്കന്മാരുടെ പടമെല്ലാം അമ്പലത്തിനുള്ളില്‍ കൊണ്ടുവെച്ചിരിക്കുകയല്ലേ'

dot image

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരൻ. അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചത് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. ഒരു ദേവാലയത്തിന് വേണ്ടി പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും നാളെ മുസ്ലിം പള്ളികളോ ക്രിസ്ത്യന്‍ ദേവാലയങ്ങളോ ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.

'നമ്മുടെ താലൂക്കിലാണ്. ആ ക്ഷേത്രത്തിനകത്ത് ഡീലക്‌സ് മുറികള്‍ പണിയാന്‍ പോവുകയാണ്. ഭരണഘടനാപരമായി ഒരു മതത്തിലേയും ഒരു ക്ഷേത്രത്തിനും ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. സര്‍ക്കാരിന് മതം ഇല്ല. ഇവിടെ നേതാക്കന്മാരുടെ പടമെല്ലാം അമ്പലത്തിനുള്ളില്‍ കൊണ്ടുവെച്ചിരിക്കുകയല്ലേ. ഇതൊക്കെ ശരിയായ കാര്യമാണോ. അമ്പലം നോക്കാന്‍ ദേവസ്വം ബോര്‍ഡുണ്ട്. അവര്‍ക്ക് പൈസയുടെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാം. സര്‍ക്കാരിന് ദേവസ്വം ബോര്‍ഡിന് പൈസ കൊടുക്കാം. നേരിട്ട് ക്ഷേത്രത്തിന് കൊടുക്കാന്‍ അധികാരം ഇല്ല. നാളെ ഏതെങ്കിലും മുസ്ലിം പള്ളി ചോദിച്ചാലോ ക്രിസ്ത്യന്‍ പള്ളി ചോദിച്ചാലോ കൊടുക്കാന്‍ പറ്റുമോ?' എന്നായിരുന്നു ജി സുധാകരന്റെ പ്രസംഗം.

ഡീലക്‌സ് മുറികള്‍ കേരളത്തിന് ആവശ്യമുണ്ടോയെന്നും കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ അമ്പലം പണിതതിനെ വിമര്‍ശിക്കുന്നവരാണ് നമ്മളെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി പരിപാടിയിലായിരുന്നു വിമര്‍ശനം. ദൂര ദേശങ്ങളില്‍ നിന്നും ക്ഷേത്രങ്ങളില്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് അഞ്ച് കോടി രൂപ ചെലവില്‍ അമനെറ്റി സെന്റര്‍ നിര്‍മ്മിക്കുന്നത്.

Content Highlights: G Sudhakaran Against Government over funds to ambalapuzha temple

dot image
To advertise here,contact us
dot image