
കൽപറ്റ: വയനാട് ഡിസിസി മുൻ ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം. കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും മരുമകൾ പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു.
വേണ്ടി വന്നാൽ സിപിഐഎം സഹായം സ്വീകരിക്കും. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, ഗോപിനാഥൻ എന്നിവർക്കെതിരെ പരാതി നൽകും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് പത്മജ.
ഒരു ഔദാര്യവും വേണ്ടെന്ന് സിപിഐഎമ്മിനോട് പറഞ്ഞവർ അത് നിറവേറ്റുന്നില്ല. പത്തു ദിവസം കൂടെ കോൺഗ്രസിന് സമയം കൊടുക്കുന്നു. പത്തു ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ സഹായിക്കാൻ ആരു വന്നാലും സ്വീകരിക്കും. സഹിക്കുന്നതിന് പരിധിയുണ്ട്. സഹികെട്ടാണ് അവസാനം കത്ത് പുറത്തുവിട്ടത്. വളരെ മോശമായാണ് നേതാക്കൾ പെരുമാറിയതെന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
സത്യം എല്ലാ കാലത്തും മറച്ചു വെക്കാനാവില്ല. നീതി കിട്ടിയേ തീരൂ. രണ്ടര കോടിക്ക് മുകളിൽ കട ബാധ്യതയുണ്ട്. പത്തു ലക്ഷം രൂപയാണ് കിട്ടിയത്. ഇത്രയും വലിയ പാർട്ടിക്ക് ചെയ്ത് തീർക്കാൻ കഴിയുന്ന കാര്യമേയുള്ളൂ. പ്രിയങ്ക ഗാന്ധിയിലേക്ക് വിഷയം എത്തിക്കാൻ ആരൊക്കെയോ ഭയക്കുന്നുണ്ട്. അല്ലെങ്കിൽ അവർ വളരെ ലാഘവത്തോടെ വിഷയം കാണുന്നുവെന്നുവേണം കരുതാനെന്നും പത്മജ കൂട്ടിച്ചേർത്തു.
അതേസമയം, എൻ എം വിജയൻ്റെ കുടുംബത്തിന് പിന്തുണ നൽകാനാണ് സിപിഐഎം തീരുമാനം. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സിപിഐഎം പ്രിയങ്ക ഗാന്ധി എൻ എം വിജയന്റെ കുടുംബത്തെ അപമാനിച്ചുവെന്നും ആരോപിച്ചു. നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കുടുംബത്തോടൊപ്പമെന്നും സിപിഐഎം ഏരിയ കമ്മറ്റി വ്യക്തമാക്കി.
Content Highlights: NM Vijayan's family says to file complaint against Congress leaders