
May 24, 2025
03:16 AM
കൊച്ചി: താൽകാലിക രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ വലിയ ആപത്തുകൾ സൃഷ്ടിക്കുമെന്ന് മുസ്‌ലിം പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. മലപ്പുറത്തിനെതിരായ വിദ്വേഷ പ്രസംഗത്തിൽ മലപ്പുറത്ത് തന്നെ താമസിക്കുന്ന എസ്എൻഡിപി അംഗങ്ങളാണ് മറുപടി പറയേണ്ടതെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
താൻ രാജിവെച്ച നവോത്ഥാന സമിതി കഴിഞ്ഞ വർഷം വരെ സജീവമായിരുന്നു. കഴിഞ്ഞ ജൂൺ മാസമാണ് അതിൽ നിന്ന് രാജി വെച്ചത്. സമിതിക്കുള്ളിൽ തന്നെ വെള്ളാപ്പള്ളി മറ്റ് പല സമുദായങ്ങൾക്കും എതിരായി പലതും പറഞ്ഞു. കെപിഎംഎസും എംഇഎസും സംഘടനയിൽ നിന്ന് ആദ്യമെ തന്നെ പുറത്ത് പോയിരുന്നുവെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
എസ്എൻഡിപി കോളേജുകൾ മലപ്പുറത്ത് വരാതിരിക്കുന്നെങ്കിൽ അതിൽ മുൻകൈ എടുക്കേണ്ടത് എസ്എൻഡിപി സംഘടന തന്നെയാണ്. എല്ലാ സമുദായങ്ങളും സ്ഥലം വാങ്ങി സർക്കാരിന് അപേക്ഷ നൽകും. അദ്ദേഹം എന്തുകൊണ്ട് അത് ചെയ്തില്ല? എന്തുകൊണ്ട് അദ്ദേഹം മുന്നോട്ട് വന്നില്ല? എന്തുകൊണ്ട് മലപ്പുറത്ത് എസ് എൻ ഡി പിയുടെ കോളേജുകൾ കൊണ്ടുവന്നില്ലായെന്നും അദ്ദേഹം ചോദിച്ചു. നാല് ദിവസം വെള്ളാപ്പള്ളി മലപ്പുറത്ത് വന്ന് താമസിക്കട്ടെ അപ്പോൾ സത്യാവസ്ഥ മനസ്സിലാവുമെന്നും ഹുസൈൻ മടവൂർ കൂട്ടിചേർത്തു.
Content Highlights- 'Why didn't SNDP colleges come to Malappuram?'; Hussain Madavoor criticizes Vellappally