
ലണ്ടൻ: പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർക്ക് കനത്ത ആൾനാശമാണ് ഉണ്ടായത്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ അനുയായികളും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് പുറമെ മറ്റ് നിരവധി ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഈ ഭീകരരുടെ സംസ്കാര ചടങ്ങുകൾക്ക് പാക് സൈനിക ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പാക് പതാക പുതപ്പിച്ചായിരുന്നു ഇവരുടെ സംസ്കാരം നടന്നത്. ഈ ചിത്രം കാട്ടുതീ പോലെ പ്രചരിച്ചിരുന്നു. ഭീകരർക്ക് പാകിസ്താൻ സൈനികർ വെള്ളവും വളവും നൽകി വളർത്തുന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോളിതാ, ആ ചിത്രം വീണ്ടും ലോകത്തിന് മുൻപാകെ, യുകെയിലെ ജനങ്ങൾക്ക് മുൻപാകെ ഉയർത്തിക്കാട്ടിയിരിക്കുകയാണ് യു കെയിലെ ഇന്ത്യയുടെ ഹെെ കമ്മീഷണർ വിവേക് ദൊരൈസ്വാമി.
സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിവേക് ഈ ചിത്രം വീണ്ടും ഉയർത്തിക്കാട്ടിയത്. തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്. ' ഇത് നിങ്ങൾ കാണുന്നുണ്ടല്ലോ. സംസ്കാര ചടങ്ങ് നയിക്കുന്നയാൾകൊടുംഭീകരനായ ഹാഫിസ് അബ്ദുർ റൗഫ് ആണ്. ഇയാളുടെ പിന്നിൽ ആരാണെന്ന് കണ്ടോ, പാകിസ്താൻ സൈന്യമാണ്. ഇവരുടെ ശവപ്പെട്ടിയിൽ നോക്കൂ. അത് പാകിസ്താന്റെ കൊടിയാണ്'. തുടർന്ന് ആ ചിത്രം വിവേക് ഉയർത്തിപ്പിടിക്കുകയാണ്.
ഇതേ ചിത്രം നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയും ഉയർത്തികാട്ടിയിരുന്നു. ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്. ജെയ്ഷെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുൽ റൗഫ് അസറും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. പാകിസ്താൻ ഇന്നലെ രാത്രിയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ, ദുരന്ത നിവാരണ വിഭാഗങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വേണമെങ്കിൽ അധിക സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
Content Highlights: Indian envoy lifts picture of pakistan military at terrorists cremation