ഷൂട്ടൗട്ട് ത്രില്ലറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി; സാഫ് അണ്ടര്‍ 19 കിരീടം നിലനിര്‍ത്തി ഇന്ത്യ

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡെടുത്തു

dot image

സാഫ് അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ വീണ്ടും ചാംപ്യന്മാര്‍. കലാശപ്പോരില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ യുവനിര കിരീടം നിലനിര്‍ത്തിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ബംഗ്ലാദേശിനെ 4-3ന് തോല്‍പ്പിച്ചു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോഗോള്‍ നേടി

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ക്യാപ്‌റ്റൻ സിംഗമയും ഷമിയാണ് ഫ്രീ കിക്കിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. 30 വാര അകലെ നിന്നുള്ള ഷാമിയുടെ അതിശയകരമായ ഫ്രീ കിക്ക് ബംഗ്ലാദേശ് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് തുളഞ്ഞുകയറി. തുടക്കത്തിൽ ഇന്ത്യ ആധിപത്യം പുലർത്തി.

രണ്ടാംപകുതിയിൽ ബംഗ്ലാദേശ് തിരിച്ചുവന്നു. 61-ാം മിനിറ്റിലായിരുന്നു ബംഗ്ലാദേശിന്റെ സമനില ​ഗോൾ. ബോക്സിനുള്ളിലെ ഒരു കൂട്ടക്കുഴപ്പത്തിനൊടുവിൽ എംഡി ജോയ് അഹമ്മദാണ് ​ബം​ഗ്ലാദേശിനെ ഒപ്പമെത്തിച്ചത്. ടൂർണമെന്റിൽ ഇന്ത്യ വഴങ്ങുന്ന ആദ്യ ഗോളാണിത്.

പിന്നീട് ഇരു ടീമുകളും ആക്രമണം നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. അധിക സമയം ഇല്ലാത്തതിനാൽ എല്ലാം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബംഗ്ലാദേശ്‌ രണ്ട്‌ കിക്ക്‌ പാഴാക്കി. ഇന്ത്യയുടെ രോഹൻ സിങ്ങിന്റെ കിക്കും പിഴച്ചു. ടൂർണമെന്റിൽ അഞ്ച്‌ ഗോളടിച്ച ഇന്ത്യയുടെ ഡാനി മെയ്‌തിയാണ്‌ ടോപ്‌ സ്‌കോറർ.

സാഫ് ചാംപ്യന്‍ഷിപ്പില്‍ വിവിധ പ്രായവിഭാഗങ്ങളിലായി ഇന്ത്യ സ്വന്തമാക്കുന്ന പത്താം കിരീടമാണ്‌. അണ്ടർ 15, 16, 17, 19 വിഭാഗങ്ങളിൽ രണ്ടുതവണവീതം ഇന്ത്യ ജേതാക്കളായി. അണ്ടർ 18, 20 വിഭാഗങ്ങളിൽ ഓരോ കിരീടം വീതവുമുണ്ട്‌.

Content Highlights: SAFF U19 Championship 2025: Indian football team beats Bangladesh on penalties to win title

dot image
To advertise here,contact us
dot image