
ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനെക്കുറിച്ച് വിലയിരുത്തലുമായി ഇന്ത്യൻ മുൻ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. രാഹുലിനെ വിമർശിച്ചിരുന്നത് കഴിവിനൊത്ത മികവ് പുറത്തെടുക്കാതിരുന്നതിനാലാണെന്ന് ശാസ്ത്രി പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷിപ്പിക്കുന്നുവെന്ന് ശാസ്ത്രി കൂട്ടിച്ചേർത്തു.
'കെ എൽ രാഹുൽ ഒരുപാട് കഴിവുള്ള താരമാണ്. എന്നാൽ ആ കഴിവിനൊത്ത് പലപ്പോഴും മികവ് പുറത്തെടുക്കുന്നില്ല. അത് ക്രിക്കറ്റ് ലോകത്തെ അലോസരപ്പെടുത്തിയിരുന്നു. ആരും രാഹുലിന് കഴിവില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ കഴിവിനൊത്ത പ്രകടനം രാഹുലിൽ നിന്നുണ്ടാകാതെ വന്നപ്പോൾ അത് വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രാഹുൽ നന്നായി കളിക്കുന്നത് സന്തോഷം നൽകി.' ഐസിസി റിവ്യൂവിൽ ശാസ്ത്രി പ്രതികരിച്ചു.
'രാഹുലിന്റെ ബാറ്റിങ് മെച്ചപ്പെടാൻ ചില കാരണങ്ങളുണ്ട്. പ്രതിരോധ ഷോട്ടുകൾ കളിക്കുമ്പോൾ ഫുട്ട്‍വർക്കിൽ രാഹുൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുറച്ചുകൂടി ഓപണായിട്ടാണ് ഇപ്പോൾ രാഹുലിന്റെ ഫുട്ട്‍വർക്ക്. അത് മിഡ്‍വിക്കറ്റിലേക്ക് ഷോട്ടുകൾ മികച്ച രീതിയിൽ കളിക്കാൻ സഹായിക്കുന്നു,' ശാസ്ത്രി വ്യക്തമാക്കി.
Content Highlights: Ravi Shastri praises KL Rahul's technical work