
ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിന്റെ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മികച്ച പ്രകടനവുമായി സർഫറാസ് ഖാൻ. നവംബർ-ഡിസംബർ മാസങ്ങളിലായി നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരിക്കുകയും ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് സർഫാസ് മികച്ച പ്രകടനം നടത്തിയത്. 119 പന്തിൽ 13 ഫോറുകളടക്കം 92 റൺസാണ് സർഫറാസ് അടിച്ചെടുത്തത്. കരുൺ നായരുമൊത്ത് മൂന്നാം വിക്കറ്റിൽ 181 റൺസ് കൂട്ടിച്ചേർക്കാനും സർഫറാസിന് കഴിഞ്ഞു.
സർഫറാസിനെ കൂടാതെ കരുൺ നായർ, ധ്രുവ് ജുറേൽ എന്നിവർ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 246 പന്തിൽ 24 ഫോറുകളും ഒരു സിക്സറും സഹിതം 186 റൺസുമായി കരുൺ പുറത്താകാതെ നിൽക്കുകയാണ്. 104 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം 82 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് കരുണിന് കൂട്ടായി ക്രീസിലുള്ളത്.
മത്സരത്തിന്റെ ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 409 റൺസെന്ന നിലയിലാണ്. 24 റൺസെടുത്ത യശസ്വി ജയ്സ്വാൾ, എട്ട് റൺസുമായി ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ പോയി. മൂന്ന് ദിവസത്തെ മത്സരമായതിനാൽ ഇന്ന് ഇന്ത്യ എ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട് ലയണൽസിനെ ബാറ്റിങ്ങിന് അയച്ചേക്കും.
Content Highlights: Sarfaraz Khan Sends Massive Message With Solid Knock For India A