MIയ്ക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ സ്കോർ; സച്ചിന്റെ റെക്കോർഡ് മറികടന്ന് സൂര്യകുമാർ യാദവ്

സീസണിൽ 14 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് ഇതുവരെ 640 റൺസ് നേടിക്കഴിഞ്ഞു

dot image

ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യൻസ് മുൻ താരവുമായ സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡ് മറികടന്ന് സൂര്യകുമാർ യാദവ്. ഒരു ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവും കൂടുതൽ റൺസ് നേട്ടമെന്ന റെക്കോർഡാണ് സൂര്യകുമാറിന്റെ പേരിലായത്. സീസണിൽ 14 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് ഇതുവരെ 640 റൺസ് നേടിക്കഴിഞ്ഞു. 2010ലെ ഐപിഎല്ലിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 618 റൺസാണ് ഇതുവരെ മുംബൈ ഇന്ത്യൻസിനായി ഒരു താരം ഒരു സീസണിൽ നേടിയിരുന്ന ഉയർന്ന സ്കോർ.

അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടു. ഏഴ് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിട്ടുണ്ട്. 39 പന്തിൽ 57 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. റയാൻ റിക്ലത്തൺ 27 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 26 റൺസും സംഭാവന ചെയ്തു. പഞ്ചാബ് കിങ്സിനായി അർഷ്ദീപ് സിങ്, മാർകോ ജാൻസൻ, വൈശാഖ് വിജയകുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 42 പന്തിൽ 73 റൺസ് നേടിയ ജോഷ് ഇൻഗ്ലീഷ് ആണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. 35 പന്തിൽ 62 റൺസ് നേടി പ്രിയാൻഷ് ആര്യയും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 പന്തിൽ പുറത്താകാതെ 26 റൺസ് നേടി നിർണായക സംഭാവനയും നൽകി.

Content Highlights: Suryakumar Yadav became the most runs scorer for MI in an IPL season, surpass Sachin Tendulkar

dot image
To advertise here,contact us
dot image