IPL 2025: CSKയ്ക്കെതിരെ ഒറ്റ മത്സ​രം, വിരാട് കോഹ്‍ലി തകർത്തത് അഞ്ച് റെക്കോർഡുകൾ

ചെന്നൈയ്ക്കെതിരെ മത്സരത്തിൽ 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം കോഹ്‍ലി 62 റൺസെടുത്തു

dot image

ഐപിഎല്ലിൽ ചരിത്ര നേട്ടങ്ങളുമായി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലി. ഒറ്റ മത്സരത്തിൽ അഞ്ച് റെക്കോർഡുകളാണ് കോഹ്‍ലി സ്വന്തം പേരിൽ കുറിച്ചത്. ആർസിബിക്കായി 300 സിക്സറുകൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് വിരാട് കോഹ്‍ലി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് കോഹ്‍ലിയുടെ നേട്ടം. മത്സരത്തിൽ ആകെ അഞ്ച് സിക്സറുകളാണ് കോഹ്‍ലി നേടിയത്. ഇതോടെ ആർസിബിക്കായി താരത്തിന്റെ സിക്സർ നേട്ടം 303 ആയി.

സിക്സറുകളിലൂടെ മറ്റൊരു റെക്കോർഡും കോഹ്‍ലി സ്വന്തം പേരിൽ കുറിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‍ലി സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് മുൻ താരം ക്രിസ് ​ഗെയ്ലിന്റെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 151 സിക്സറെന്ന റെക്കോർഡാണ് കോഹ്‍ലി മറികടന്നത്. ഇന്നലത്തെ മത്സരത്തോടെ 152 സിക്സറുകളാണ് കോഹ്‍ലി ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഐപിഎല്ലിൽ ഒരു ടീമിന് എതിരായി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോർഡും കോഹ്‍ലി സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മാത്രം കോഹ്‍ലി നേടിയത് 1,146 റൺസാണ്. പഞ്ചാബ് കിങ്സിനെതിരെ 1,134 റൺസ് നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡാണ് കോഹ്‍ലി പഴങ്കഥയാക്കിയത്.

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏറ്റവും കൂടുതൽ തവണ അർധ സെ‍ഞ്ച്വറിയെന്ന നേട്ടവും വിരാട് സ്വന്തം പേരിൽ കുറിച്ചു. ചെന്നൈയ്ക്കെതിരെ മാത്രം കോഹ്‍ലി 10 തവണ അർധ സെഞ്ച്വറി നേട്ടം പിന്നിട്ടു. ഡേവിഡ് വാർണർ, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ നേട്ടം കോഹ്‍ലി തിരുത്തിയെഴുതി.

സീസണിൽ 505 റൺസാണ് കോഹ്‍ലി ഇതുവരെ കുറിച്ചത്. ഐപിഎൽ സീസണുകളിൽ കൂടുതൽ തവണ 500ലധികം റൺസെന്ന നേട്ടം ഇനി കിങ് കോഹ്‍ലിക്ക് സ്വന്തമാണ്. ഇത് എട്ടാമത്തെ സീസണിലാണ് കോഹ്‍ലി 500ലധികം റൺസ് നേടുന്നത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച ഡേവിഡ് വാർണറുടെ റെക്കോർഡാണ് കോഹ്‍ലി മാറ്റിയെഴുതിയത്.

ചെന്നൈയ്ക്കെതിരെ മത്സരത്തിൽ 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം കോഹ്‍ലി 62 റൺസെടുത്തു. 33 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 55 റൺസെടുത്ത് ജേക്കബ് ബെഥൽ കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 97 റൺസാണ് പിറന്നത്. എന്നാൽ പിന്നാലെ വന്നവർ മികച്ച പ്രകടനം നടത്താതിരുന്നത് റോയൽ ചലഞ്ചേഴ്സിന് തിരിച്ചടിയായി. എങ്കിലും 19-ാം ഓവറിൽ റൊമാരിയോ ഷെപ്പേർഡ് കത്തിക്കയറിയത് ആർസിബിയ്ക്ക് ​ഗുണം ചെയ്തു. 14 പന്തുകൾ മാത്രം നേരിട്ട ഷെപ്പേർഡ് പുറത്താകാതെ 53 റൺസെടുത്തു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 213 റൺസെടുത്തു.

ചെന്നൈയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ആയൂഷ് മാത്രെ നേടിയ 94 റൺസിന്റെയും രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയ 76 റൺസിന്റെയും ബലത്തിലാണ് ചെന്നൈ തിരിച്ചടിച്ചത്. എങ്കിലും രണ്ട് റൺസ് അകലെ ചെന്നൈയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

Content Highlights: Virat Kohli Breaks 5 Records In Single Knock

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us