ആരാധകർ കാത്തിരുന്ന വിജയ് ചിത്രം ഗോട്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങിയില്ലെങ്കിലും കേരളത്തിൽ ചിത്രത്തിന്റെ ഫാൻ ഷോ കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയ് - വെങ്കട്ട് പ്രഭു കോംബോ കത്തി കയറി എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണവും ലഭിക്കുന്നുണ്ട്.
'ആദ്യപകുതി വളരെ മിതമായാണ് തുടങ്ങുന്നത്, രണ്ടാം പകുതിയിൽ വിജയ് കസറി, കൈയ്യടിക്കാൻ പാകത്തിന് ചിത്രത്തിൽ സീനുകൾ ഉണ്ട്', ഒരു പ്രതികരണം ഇങ്ങനെ.
'ആളുകളെ സംതൃപ്തിപ്പെടുത്തുന്ന സിനിമയാണ് ഗോട്ട്. വെങ്കട്ട് പ്രഭു - വിജയ് കോംബോ കത്തി കയറി. ചിത്രം ബ്ലോക്ക് ബസ്റ്റർ അടിക്കും. പോസറ്റീവ് റെസ്പോൺസ് ആണ്. യുവൻ ശങ്കർ രാജ തീ, മാന്യമായ ആദ്യ പകുതിയും ശരാശരിക്ക് മുകളിലുള്ള രണ്ടാം പകുതിയുമാണ് സിനിമ. സ്റ്റോറി ലൈൻ പ്രവചനാതീതമാണ്.'
'വികാരങ്ങളും സ്റ്റൈലിഷ് ആക്ഷൻ സീക്വൻസുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കാമിയോകളും ആശ്ചര്യപ്പെടുത്തുന്ന നിമിഷങ്ങളും നന്നായി പ്രവർത്തിച്ചു.'
കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ പ്രദർശനം തുടങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ സർക്കാർ നിബന്ധനകൾ പ്രകാരം രാവിലെ ഒമ്പത് മണിയോടെയാകും ആദ്യ ഷോ തുടങ്ങുക.
എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ഷോകൾ അവസാനിക്കുമ്പോൾ 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. റിലീസിന് മുൻപേ തന്നെ വൻ ഹൈപ്പോടെയാണ് ഗോട്ടിന്റെ നിർമ്മാതാക്കളും സിനിമയെ അവതരിപ്പിച്ചത്. അതുകൊണ്ട് സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നു.