1997 ൽ പുറത്തിറങ്ങിയ ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'ബോർഡറി'ന്റെ രണ്ടാം ഭാഗത്തിൽ പട്ടാളക്കാരനായി വരുൺ ധവാനും എത്തുന്നു. സണ്ണി ഡിയോളിനൊപ്പം ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. 'ഒടുവിൽ എന്റെ ഹീറോയ്ക്കൊപ്പം' എന്നാണ് വരുൺ ധവാൻ പറഞ്ഞിരിക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോഴാണ് ബോർഡർ സിനിമാ റിലീസ് ആകുന്നതെന്നും ചിത്രം തിയേറ്ററിൽ കാണാൻ പോയതിന്റെ അനുഭവറും വരുൺ ധവാൻ കുറിപ്പിൽ പറയുന്നുണ്ട്. ഒടുവിൽ എന്റെ ഹീറോയിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും കരിയറിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമായി ഇതിനെ കാണുന്നുണ്ടെന്നും വരുൺ കുറിച്ചു. ജെ പി ദത്തയുടെ യുദ്ധ ഇതിഹാസം ഇന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ജെപി സാറും ഭൂഷൺ കുമാറും ചേർന്ന് നിർമ്മിച്ച ബോർഡർ 2 ൽ ഒരു പങ്ക് വഹിക്കുക എന്നത് എൻ്റെ കരിയറിലെ വളരെ വളരെ സവിശേഷമായ നിമിഷമാണെന്നും വരുൺ പറഞ്ഞു.
ബോർഡറിന്റെ രണ്ടാം ഭാഗമായ ബോർഡർ 2 അനുരാഗ് സിംഗാണ് സംവിധാനം ചെയ്യുന്നത്. ബോർഡർ ഒന്നാം ഭാഗത്തിന്റെ സംവിധായകനായ ജെപി ദത്താണ് രണ്ടാം ഭാഗത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ. 1971ലെ ഇന്തോ-പാക് യുദ്ധത്തിനിടെ നടന്ന സംഭവങ്ങളെ പ്രമേയമാക്കിയായിരുന്നു ബോർഡർ പുറത്തിറങ്ങിയത്. ബോർഡറിന്റെ ഒന്നാം ഭാഗത്തിൽ സണ്ണി ഡിയോളിനെ കൂടാതെ, ജാക്കി ഷെറോഫ് , സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, സുദേഷ് ബെറി, പുനീത് ഇസാർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദ്യ ഭാഗത്തിനേക്കാൾ മികച്ച രീതിയിൽ തന്നെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2026-റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയുഷ്മാൻ ഖുറാനയായിരിക്കും മറ്റൊരു സുപ്രധാനവേഷത്തിലെത്തുകയെന്നും റിപ്പോർട്ടുണ്ട്.