'ഗോള'ത്തിന് വേണ്ടി ചിലവഴിച്ച രണ്ട് മണിക്കൂർ ഒരു മുതൽകൂട്ടായിരുന്നു, മികച്ച ചിത്രം'; പദ്മകുമാർ

'ഗോള'ത്തിന് വേണ്ടി ചിലവഴിച്ച രണ്ട് മണിക്കൂർ ഒരു മുതൽകൂട്ടായിരുന്നു, മികച്ച ചിത്രം'; പദ്മകുമാർ

'തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒരുപോലെ നയിക്കുക എന്ന ലക്ഷ്യം 'ഗോളം' നേടിയെടുത്തു'

മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുന്ന സംജാദ് എന്ന സംവിധായകന്റെ ആദ്യ ചിത്രം 'ഗോളം' സിനിമയെ കുറിച്ച് സംവിധായകൻ പദ്മകുമാർ. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ ഗോളം എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നും മികച്ച ചിത്രമാണ് എന്നും പദ്മകുമാർ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഗോളം കണ്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിന്റെ ഭാഗമായ പുതുമുഖങ്ങളെയും പദ്മകുമാർ അഭിനന്ദിച്ചു.

കുറ്റാന്വേഷണം പ്രമേയമായിട്ടുള്ള സിനിമകളോട് പ്രേക്ഷകർക്ക് എന്നും ഒരു പ്രത്യേക മമതയുണ്ട്. പക്ഷെ രസച്ചരട് പൊട്ടാതെ, തിരശ്ശീലയിൽ നിന്നു കണ്ണെടുക്കാതെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒരുപോലെ നയിക്കുക എന്ന ലക്ഷ്യം നേടുന്ന സിനിമകൾക്കേ അതുള്ളു. 'ഗോളം' എന്ന സിനിമ ആ അംഗീകാരം നേടിയെടുത്തു എന്നതിന് എനിക്കുള്ള തെളിവ് തിങ്കളാഴ്ച രാത്രി എറണാകുളം വനിതയിൽ 10 മണിക്കുള്ള ഷോ 12.10ന് തീരുന്നതുവരെ ശ്വാസമടക്കിപ്പിടിച്ച് കണ്ട പ്രേക്ഷകർ തന്നെ.

മികച്ച തിരക്കഥയും മികച്ച അവതരണവും കൂട്ടിന് കൃത്യമായ പശ്ചാത്തല സംഗീതവും എഡിറ്റിംഗും പിന്നെ ഒട്ടും അതിഭാവുകത്വമില്ലാതെ രംഗത്തു വന്ന കുറെ നല്ല അഭിനേതാക്കളും (ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നവർ പോലും നമ്മളെ അതിശയിപ്പിക്കും, മിതത്വമാർന്ന പ്രകടനം കൊണ്ട്) ഉണ്ടെങ്കിൽ ഒരു മികച്ച സിനിമക്ക് മറ്റൊന്നും വേണ്ട. ഗോളം ഒരു മികച്ച സിനിമയാവുന്നതും അങ്ങനെയൊക്കെ തന്നെയാണ്.

സംജാദ് എന്ന സംവിധായകൻ്റെ കയ്യടക്കം അത്ഭുതാവഹമാണ്. കാണുന്ന ഓരോ സിനിമയിൽ നിന്നും ഒരല്പമെങ്കിലും എന്തെങ്കിലും പഠിക്കാനുണ്ടാവുമെന്ന് വിശ്വസിക്കുന്ന എനിക്ക് 'ഗോള'ത്തിന് വേണ്ടി ചിലവഴിച്ച രണ്ട് മണിക്കൂർ ഒരു മുതൽകൂട്ടായിരുന്നു എന്ന് പറയാൻ കൂടിയാണ് ഈ കുറിപ്പ്. നന്ദി സംജാദ്. ആൻ & സജീവ്.

ന​ഗരത്തിലെ ഒരു ഐ ടി സ്ഥാപനത്തിലെ മേധാവിയുടെ മരണവും ചുരുങ്ങിയ സമയം കൊണ്ട് നടക്കുന്ന അന്വേഷണവുമാണ് ഗോളത്തിന്റെ ഉള്ളടക്കം. ഒരു ഓഫീസ് മുറിയെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മികച്ച തിയേറ്റർ അനുഭവം നൽകുന്ന ഡീസൻ്റ് ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്.

logo
Reporter Live
www.reporterlive.com