കിറ്റെക്‌സ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ട്; തെലങ്കാനയില്‍ ഭീമന്‍ പ്രൊജക്ടിന് തൊട്ടുമുമ്പ്

ലഖ്‌നൗവില്‍ ലുലു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് കുറച്ച് മാസങ്ങള്‍ മുമ്പാണ് കമ്പനി ബോണ്ട് വാങ്ങിച്ചത്
കിറ്റെക്‌സ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ട്; തെലങ്കാനയില്‍ ഭീമന്‍  പ്രൊജക്ടിന് തൊട്ടുമുമ്പ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20 കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബിന്‍റെ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് കമ്പനികള്‍ വാങ്ങിയത്. സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്.

2023 ജൂലൈ 5, ഒക്ടോബര്‍ 12 തീയതികളിലായാണ് രണ്ട് ഇടപാടുകളും നടന്നിട്ടുള്ളത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. ജൂണ്‍ 27 ന്, ആദ്യ ബാച്ച് ബോണ്ടുകള്‍ വാങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു സംരംഭം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 1,350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വാറങ്കല്‍ കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി കെസിആര്‍ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം തന്നെ തെലങ്കാന രങ്കറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പ്രൊജക്ടും ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. രണ്ടാമത്തെ ബോണ്ട് വാങ്ങുന്നതിനും കുറച്ച് ദിവസം മുമ്പ് സെപ്തംബര്‍ 29 നാണ് പ്രൊജക്ടിന് കെടിആര്‍ നിലമൊരുക്കിയത്. പ്രതിദിനം 22 ലക്ഷം ഗാര്‍മെന്റ്‌സ് നിര്‍മ്മിക്കാനുള്ള പ്രൊജക്ടുകള്‍ക്കാണ് തെലങ്കാനയില്‍ കളമൊരുങ്ങിയത്. 2024 മാര്‍ച്ചില്‍ പ്രൊജക്ട് ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടന്നിട്ടില്ല. ഒക്ടോബര്‍ 12 നായിരുന്നു ബോണ്ട് വാങ്ങിയത്. തൊട്ടടുത്ത മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെസിആര്‍ പുറത്താവുകയും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുകയുമായിരുന്നു. ഇരുപ്രൊജക്ടുകളും ഇതുവരെയും ഉദ്ഘാടനം ചെയ്തിട്ടില്ല.

കിറ്റെക്‌സിന് പുറമേ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ലുലു ഇന്ത്യാ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വ്വീസ് ലിമിറ്റഡ് എന്നിവയും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. മൂത്തൂറ്റ് 3 കോടിയുടെ ബോണ്ടും ലുലു 2 കോടിയുടെ ബോണ്ടും ജിയോജിത് 10 ലക്ഷത്തിന്റെ ബോണ്ടുമാണ് വാങ്ങിയത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ലുലു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് കുറച്ച് മാസങ്ങള്‍ മുമ്പാണ് കമ്പനി ബോണ്ട് വാങ്ങിച്ചത്.

2018 മുതല്‍ കേരളത്തില്‍ എസ്ബിഐ വിറ്റത് 28.4 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. എസ്ബിഐ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലൂടെ 87 ബോണ്ടുകളാണ് വിറ്റത്. ഇതില്‍ 26 ബോണ്ടുകള്‍ ഒരു കോടിയുടേതാണ്.

കടപ്പാട്: The News Minutes

Related Stories

No stories found.
logo
Reporter Live
www.reporterlive.com