
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ 'വിഡ്ഢികളുടെ രാജാവ്' എന്ന് വിളിച്ചതിന് പിന്നാലെയാണ് മോദിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ രംഗത്തെത്തുന്നത്. ദിവസവും ഒരു ക്വിന്റല്‍ കള്ളങ്ങളാണ് മോദി പറയുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വിമര്‍ശനം.
'എംഎല്‍എ സ്ഥാനാര്‍ത്ഥിയെ പോലെയാണ് പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രിയുടേതായ ജോലി ഉപേക്ഷിച്ച് മോദി കറങ്ങിത്തിരിയുകയാണ്. മോദി ജീ.. പ്രധാനമന്ത്രിയെന്ന നിലയിലെ ചുമതലകള്‍ ആദ്യം നിര്‍വഹിക്കൂ. ശേഷം പ്രചാരണത്തിനിറങ്ങൂ.' ഖാര്‍ഗെ പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാട്ടത്തിലോ ഭരണഘടന നിര്‍മ്മാണ വേളയിലോ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലോ ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ല. പക്ഷേ, ബ്രിട്ടീഷ് കാലത്ത് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി അവര്‍ പോരാടിയിട്ടുണ്ടെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
'അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി. എല്ലാവര്‍ഷവും രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. ആര്‍ക്കും ഒന്നും കിട്ടിയില്ല. ഓരോ ദിവസവും ഒരു ക്വിന്റല്‍ കള്ളമാണ് മോദി പ്രചരിപ്പിക്കുന്നത്.' ഖാര്‍ഗെ വിമര്‍ശിച്ചു. ജനങ്ങളുടെ പോക്കറ്റിലെ മൊബൈല്‍ ഫോണുകള്‍ 'മെയ്ഡ് ഇന്‍ ചൈന' ആണെന്നും അവ 'മെയ്ഡ് ഇന്‍ മധ്യപ്രദേശ്' ആവണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് മോദി കഴിഞ്ഞദിവസം രംഗത്തെത്തിയത്. ഏത് ലോകത്താണ് രാഹുല്‍ ജീവിക്കുന്നതെന്നും അദ്ദേഹം വിഡ്ഢികളുടെ രാജാവാണെന്നുമായിരുന്നു മോദിയുടെ പരിഹാസം. എന്നാല്‍ മോദിയുടെ വിമര്‍ശനങ്ങളെയൊന്നും താന്‍ കൗര്യഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് രാഹുല്‍ മറുപടി നല്‍കി. തന്റെ ലക്ഷ്യം പറഞ്ഞുകഴിഞ്ഞു. നരേന്ദ്രമോദി അദാനിക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം താന്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കും എന്നായിരുന്നു രാഹുലിന്റെ മറുപടി.