പടരുന്ന മൗഞ്ചാറോ തരംഗം, പൊണ്ണത്തടി കുറയുമോ? എലി ലില്ലി വരുന്നു; ഇന്ത്യ ഇനി ആഗോള ഹബ്ബ്

ഇന്ത്യയെ ആഗോള ഉൽപ്പാദന കയറ്റുമതി ഹബ്ബാക്കി മാറ്റാനാണ് കമ്പനിയുടെ നീക്കം

പടരുന്ന മൗഞ്ചാറോ തരംഗം, പൊണ്ണത്തടി കുറയുമോ? എലി ലില്ലി വരുന്നു; ഇന്ത്യ ഇനി ആഗോള ഹബ്ബ്
സുമ സണ്ണി
1 min read|18 Feb 2026, 10:57 am
dot image

ഇന്ത്യയിലെ പൊണ്ണത്തടി കുറയ്ക്കാൻ 'മാന്ത്രിക മരുന്ന്' എത്തുന്നു. ആഗോള ഫാർമ ഭീമനായ എലി ലില്ലിയുടെ 'മൗഞ്ചാറോ' ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. വെറുമൊരു മരുന്ന് വിൽപ്പനയ്ക്കപ്പുറം, ഇന്ത്യയെ തങ്ങളുടെ ആഗോള ഉൽപ്പാദന-കയറ്റുമതി ഹബ്ബാക്കി മാറ്റാനാണ് കമ്പനിയുടെ നീക്കം.

Mounjaro

ഇന്ത്യക്കാരുടെ മാറുന്ന ജീവിതശൈലിയിൽ വില്ലനാകുന്ന അമിതവണ്ണത്തെ പൂട്ടാൻ ഈ 'സ്കിന്നി പെൻ' വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ വണ്ണം കുറയ്ക്കൽ മരുന്ന് വിപണിയിൽ രാജ്യം ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു."ഏകദേശം 8,300 കോടി രൂപയുടെ വലിയ നിക്ഷേപമാണ് ഈ മേഖലയിൽ കമ്പനി ലക്ഷ്യമിടുന്നത്.

ഹൈദരാബാദ് കേന്ദ്രമായി അത്യാധുനിക നിർമ്മാണ-ഗുണനിലവാര നിയന്ത്രണ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതോടെ ആഗോള ഫാർമ രംഗത്തെ ഉൽപ്പാദന ഹബ്ബായി ഇന്ത്യ മാറും.

പൊണ്ണത്തടിയിൽ മൂന്നാം സ്ഥാനം

ഇന്ത്യക്കാരിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളുമാണ് എലി ലില്ലിയെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്.പൊണ്ണത്തടിയുള്ളവരുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. ഈ വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ 24% സ്ത്രീകളും 23% പുരുഷന്മാരും അമിതഭാരമുള്ളവരാണ്. ഇത് രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വൻ വെല്ലുവിളിയാണ്.ശാരീരിക അധ്വാനമില്ലായ്മയും, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും, നഗരവാസികൾക്കിടയിൽ വണ്ണം കുറയ്ക്കാനുള്ള കുറുക്കുവഴികൾക്ക് വൻ സ്വീകാര്യത നൽകുന്നതും 'മൗഞ്ചാറോ'ക്ക് വഴിയൊരുക്കും.

വിലയും വിപണനവും

ഇന്ത്യൻ വിപണിയിൽ ഡോസ് അനുസരിച്ച് ഒരു മാസം 13,000 രൂപ മുതൽ 26,000 രൂപ വരെയാണ് മൗഞ്ചാറോയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. വിതരണ ശൃംഖല ശക്തമാക്കുന്നതിനായി സിപ്ല പോലുള്ള പ്രമുഖ കമ്പനികളുമായി എലി ലില്ലി കൈകോർക്കുന്നുണ്ട്. കൂടാതെ ടാറ്റ 1MG, അപ്പോളോ ഫാർമസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും മരുന്ന് ലഭ്യമാകും.

Lilly company

'സ്കിന്നി പെൻ' അപകടകാരിയാകുമോ?

അമിതവണ്ണത്തിനുള്ള എളുപ്പവഴിയായി 'സ്കിന്നി പെൻ' എന്നറിയപ്പെടുന്ന ഈ ഇൻജക്ഷനെ കാണരുതെന്ന് ആരോഗ്യവിദഗ്ധർ കർശന നിർദ്ദേശം നൽകുന്നു. കൃത്യമായ വൈദ്യപരിശോധനയും ഡോക്ടറുടെ കുറിപ്പടിയും ഇല്ലാതെ ഈ മരുന്ന് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഓക്കാനം എന്നിവയ്ക്ക് പുറമെ ശരീരത്തിലെ പേശികളുടെ ബലക്ഷയത്തിനും ഇത് കാരണമായേക്കാം എന്ന മുന്നറിയിപ്പുകൾ ഉണ്ട്. മരുന്നിനൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പാലിച്ചില്ലെങ്കിൽ പാർശ്വഫലങ്ങൾ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ലോകം ചൂണ്ടിക്കാട്ടുന്നു.

Content Highlights: Lilly targets India as global export hub amid booming Mounjaro sales

dot image
To advertise here,contact us
dot image