നൂറു കോടി; കൊച്ചി കോര്‍പ്പറേഷന് പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍
ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണം
18 March 2023 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് പിഴ ഇട്ട് ദേശീയ ഹരിത ട്രിബ്യുണല്‍. നൂറു കോടി രൂപയാണ് ട്രിബ്യുണല്‍ പിഴ ഇട്ടിരിക്കുന്നത്. തുക ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്ന് ഉത്തരവില്‍ പറയുന്നു.ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണം. സര്‍ക്കാര്‍ എന്ത് കൊണ്ട് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും എന്‍ജിടി ചോദിച്ചു.
കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. പിഴ ഇനത്തില്‍ ലഭിക്കുന്ന തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെയ്ക്കാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്‌മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
ബ്രഹ്‌മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഭരണ നിര്‍വഹണത്തില്‍ വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.
സംഭവത്തില്‍ വിശദമായ പരിശോധന നടത്തി നടപടിയെടുക്കും. ആവശ്യം വന്നാല്‍ 500 കോടി പിഴ ഈടാക്കുമെന്നും ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്.
STORY HIGHLIGHTS: National Green Tribunal fined Kochi Corporation in Brahmapuram fire