'എന്റെ കമ്യൂണിസ്റ്റ് ബന്ധത്തെ അടയാളപെടുത്താന്‍ പേര് തന്നെ ധാരാളം'; എംകെ സ്റ്റാലിന്‍
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും സ്റ്റാലിന്‍.
9 April 2022 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധത്തെ അടയാളപ്പെടുത്താന്‍ തന്റെ പേര് തന്നെ ധാരാളമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അതുകൊണ്ട് സിപിഐഎം സമ്മേളനത്തില്‍ വന്നത് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ലെന്നും മറിച്ച് നിങ്ങളിലൊരാളായാണെന്ന് സ്റ്റാലിന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ പറഞ്ഞു.
എംകെ സ്റ്റാലിന്റെ വാക്കുകള്‍: ''എല്ലാത്തിനും മേല്‍ എന്റെ പേര് സ്റ്റാലിന്‍. ഇതിനേക്കാളുനമധികം എനിക്കും നിങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല. അതുകൊണ്ട് മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഞാന്‍ തമിഴനാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്.''
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. താന്‍ വളരെ ആവേശത്തോടെയാണ് പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
എംകെ സ്റ്റാലിന്റെ വാക്കുകള്‍: ''ആദ്യമായി നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഞാന്‍ അനുമോദിക്കുന്നു. അത് മുഖ്യമന്ത്രിയുടെ കടമകള്‍ നന്നായി നിര്‍വഹിക്കുന്നത് കൊണ്ട് മാത്രമല്ല. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അദ്ദേഹം വേറിട്ട് നില്‍ക്കുന്നു. സ്‌റ്റേറ്റ് അവകാശങ്ങള്‍, മതേതരത്വം, തുല്യത, സ്ത്രീ അവകാശങ്ങള്‍ ഇതിന്റെയൊക്കെ മുഖമാണ് സഖാവ് പിണറായി വിജയന്‍. ഭരണത്തില്‍ പിണറായി വിജയന്‍ വഴികാട്ടി. ഈ സെമിനാറില്‍ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഡിഎംഎകെക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അഭേദ്യബന്ധമാണുള്ളത്. ഇന്ത്യന്‍ വൈവിധ്യത്തെ ഭരണഘാടനാ ശില്‍പ്പികള്‍ പോലും അംഗീകരിച്ചതാണ്. ഒന്നു മാത്രം മതിയെന്ന ആശയം രാജ്യത്തെ നശിപ്പിക്കും. നാനാത്വതം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പിന് മുകളില്‍ കടന്നു കയറരുത്. കണ്ണൂര്‍ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് പറയേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണീ നാട്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂര്‍.''
''കെവി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല''
കണ്ണൂര്‍: എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്ന വിഷയമാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കെവി തോമസിനെ സിപിഐഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുന്നതും. അദ്ദേഹത്തെ പങ്കെടുപ്പിക്കില്ല എന്ന് ചിലര്‍ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പായിരുന്നെന്നും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രസംഗത്തില്‍ പറഞ്ഞു.
'ഈ സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ബഹുമാന്യനായ എംകെ സ്റ്റാലിന്‍ അതില്‍ പങ്കെടുക്കുന്നു എന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പക്ഷെ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രൊഫസര്‍ കെവി തോമസിനെക്കുറിച്ച് ഇവിടെ ഉയര്‍ത്തിക്കൊണ്ടു വന്ന കാര്യങ്ങള്‍. ഞങ്ങള്‍ പ്രൊഫസര്‍ കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായാണ് അദ്ദേഹം ഇപ്പോഴും ഇതില്‍ പങ്കെടുക്കുന്നത്. ചിലര്‍ അദ്ദേഹത്തിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നത് കേട്ടു. പക്ഷെ അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ്. എന്നാലൊരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു,' പിണറായി വിജയന്‍ പറഞ്ഞു.