Top

'മോന്‍സന്റെ വീട്ടില്‍ ബെഹ്‌റ എത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു'; മലക്കം മറിഞ്ഞ് അനിത പുല്ലയില്‍, ചിത്രങ്ങള്‍ പുറത്ത്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ പലരുടേയും മക്കളുടെ പഠന ചെലവ് മോന്‍സന്‍ വഹിച്ചിരുന്നു

21 Nov 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്റെ വീട്ടില്‍ ബെഹ്‌റ എത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു; മലക്കം മറിഞ്ഞ് അനിത പുല്ലയില്‍, ചിത്രങ്ങള്‍ പുറത്ത്
X

പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന് എതിരെ കുടുതല്‍ വെളിപ്പെടുത്തലുമായി പ്രവാസി മലയാളി അനിത പുല്ലയില്‍. നേരത്തെ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അനിതയുടെ പുതിയ പ്രതികരണം. ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് അനിത പുല്ലയില്‍ലിന്റെ പുതിയ പ്രതികരണം. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അനിതയുടെ പ്രതികരണം.

മോന്‍സന്‍ കേസില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് അനിതയുടെ വെളിപ്പെടുത്തലുകള്‍ എന്നതും ശ്രദ്ധേയമാണ്. താന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ലോക്‌നാഥ് ബെഹറ മോന്‍സന്റെ വീട് സന്ദര്‍ശിച്ചത് എന്നാല്‍ താന്‍ അവിടെ ഇല്ലായിരുന്നു എന്നുമാണ് അനിത നേരത്തെ നടത്തിയ പ്രതികരണം. ഈ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ അനിതയുടെ വെളിപ്പെടുത്തിലില്‍ പൊലീസ് ഇടപെടലിനെ കുറിച്ചും പരാമര്‍ശമുണ്ട്.

ലോക്‌നാഥ് ബെഹ്‌റ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന അനിത ബെഹ്‌റയെ മോന്‍സന്റെ വീട്ടില്‍ എത്തിച്ച് താന്‍ ആണെന്നും വെളിപ്പെടുത്തി. എന്നാല്‍ അദ്ദേഹം തന്നെ കണ്ടിട്ടുണ്ടാകില്ല. ബെഹ്‌റ വന്നപ്പോള്‍ അന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു നേരത്തെ നടത്തിയ പ്രതികരണം മാധ്യമങ്ങളെ ഭയന്നായിരുന്നു എന്നും അനിത റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തം സംബന്ധിച്ചും അനിതയുടെ പുതിയ വെളിപ്പെടുത്തതില്‍ പറയുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ പലരുടേയും മക്കളുടെ പഠന ചെലവ് മോന്‍സന്‍ വഹിച്ചിരുന്നു. ചില ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നല്‍കിയത് മോന്‍സനായിരുന്നു എന്നും അനിത പറയുന്നു. മോന്‍സന് മോട്ടോര്‍വാഹന വകുപ്പിലും വലിയ സ്വാധീനമുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. മോന്‍സന്റെ പക്കലുള്ള വാഹനങ്ങളെ കുറിച്ച് പരാതിപെട്ടിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഒന്നും ചെയ്തിട്ടില്ല. ഡിജിപിയുടെ ഓഫീസിലേക്ക് രണ്ട് പെണ്‍കുട്ടികളെ മോന്‍സന്‍ പറഞ്ഞ് വിട്ടിട്ടുണ്ട് എന്നും അനിത പ്രതികരിച്ചു.

നേരത്തെ, വിഷയത്തില്‍ പ്രതികരിച്ച ഹൈക്കോടതി മോന്‍സന്‍ കേസ് ലാഘവത്തോടെ കാണാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിദേശ മലയാളി സംഘടനയുടെ ഭാരവാഹി അനിതാ പുല്ലയില്‍ പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണ്‍ന്റെ വീട് സന്ദര്‍ശിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ മോന്‍സണ് സംരക്ഷണവും നല്‍കി. ഇക്കാര്യങ്ങള്‍ തമാശയല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Next Story