Top

ആരാണ് അബ്ദുള്‍ റഹ്മാന്‍?; 'അയാള്‍ എങ്ങനെ മോഡലുകളുടെ ഡ്രൈവറായി'

അന്വേഷണത്തിലെ മെല്ലെ പോക്കിനുണ്ടായ കാരണം അറിയണമെന്ന് ബന്ധുക്കള്‍

17 Nov 2021 3:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാണ് അബ്ദുള്‍ റഹ്മാന്‍?; അയാള്‍ എങ്ങനെ മോഡലുകളുടെ ഡ്രൈവറായി
X

കൊച്ചിയില്‍ യുവ മോഡലുകള്‍ മരിക്കാനിടയാക്കിയ വാഹനാപകടത്തില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ നിരവധിയുണ്ടെന്ന് ബന്ധുക്കള്‍. അന്വേഷണം സംബന്ധിച്ച തങ്ങളുടെ സംശയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായും പരാതി നല്‍കിയുണ്ടെന്നും മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ ബന്ധു നസീം പ്രതികരിച്ചു. മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. അന്വേഷണത്തിലെ മെല്ലെ പോക്കിനുണ്ടായ കാരണം അറിയണം. ചില സംശയങ്ങളുണ്ടെന്നും നസീം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ന്യൂസ് അവറിലായിരുന്നു പ്രതികരണം.

അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന എന്നിവര്‍ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുള്‍ റഹ്മാന്‍ ആരെന്ന് തങ്ങള്‍ക്കറിയില്ല. ഇയാളെ മുന്‍പരിചയം ഇല്ല. ആശുപത്രി വിട്ട ആബ്ദുള്‍ റഹ്മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും നസീം പറഞ്ഞു. ഇന്ന് ജാമ്യം നേടിയ അബ്ദുള്‍ റഹ്മാന്‍ കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങി. എന്നാല്‍ അയാള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഇതിലെല്ലാം സംശയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

അന്‍സിയും അഞ്ജനയും സഞ്ചരിച്ച വാഹനം ഹോട്ടലിന്റെ ഭാഗത്ത് നിന്നുള്ള ആണോ എന്ന് അറിയില്ല. മോഡലുകള്‍ ആണ് ആ പെണ്‍കുട്ടികള്‍ അവിടെ പോയത് എതോ പരസ്യത്തിന്റെ ആവശ്യത്തിന് ആണെന്നാണ് അറിയുന്നത്. ആന്‍സിക്കൊപ്പം എപ്പോഴും മാതാവ് ഉണ്ടാവുമായിരുന്നു. അവര്‍ക്ക് അസുഖമായത് കൊണ്ടാണ് അന്ന് പോവാതിരുന്നത്. ഹോട്ടല്‍ അധികൃതര്‍ നിയോഗിച്ച ഡ്രൈവര്‍ ആണോ അബ്ദുള്‍റഹ്മാന്‍ എന്നാണ് അറിയേണ്ടത്. ഹോട്ടലില്‍ നിന്ന് അഞ്ജനയുടെ തൃശ്ശൂരിലെ വീട്ടിലേക്കാണ് അവര്‍ പോവാന്‍ ശ്രമിച്ചത് എന്നാണ് വിവരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൊലീസിന് ഈ രീതിയില്‍ പോയാല്‍ ദുരുഹത നീങ്ങില്ലെന്ന് മുന്‍ എസ്പി ജോര്‍ജ് ജോസഫ് പറയുന്നു. ഡിവിആര്‍ നശിപ്പിച്ചിരിക്കുന്നു. അതിന് ചെറിയ വകുപ്പുകള്‍ മാത്രമാണ് വരിക. എന്നാല്‍ അതിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിക്കുന്നു. അത് കണ്ടെത്തുകയാണ് പൊലീസ് ചെയ്യേണ്ടത്. അന്ന് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കണം എന്നും അദ്ദേഹം പ്രതികരിച്ചു. പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം നേരത്തെ നടത്തേണ്ടതായിരുന്നു എന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി.

അതിനിടെ, കൊച്ചിയില്‍ യുവ മോഡലുകള്‍ മരിക്കാനിടയാക്കിയ വാഹനാപകടം സംബന്ധിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചിയിലെ നം. 18 എന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിന്റെ അറസ്റ്റാണ് കൊച്ചി പൊലീസ് രേഖപ്പെടുത്തിയത്. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായത്. വിഷ്ണുകുമാര്‍ എസ്, മെല്‍വിന്‍ എംബി, ലിന്‍സണ്‍ റെയ്‌നോള്‍ഡ്, ഷിജു ലാല്‍ ജിഎ, അനില്‍ കെ കെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.

മുന്‍ മിസ് കേരള ആന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന എന്നിവര്‍ മരിക്കാനിടയായ വാഹനാപടകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിനുള്ള നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉടമ റോയ് നീക്കം ചെയ്തിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌കുകള്‍ ഹാജറാക്കാന്‍ പൊലീസ് റോയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നല്‍കിയിരുന്നില്ല. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക കടന്നത്.

Next Story

Popular Stories